ADVERTISEMENT

ബെംഗളൂരു ∙ നമ്മ മെട്രോ കെങ്കേരി–ചല്ലഘട്ട പാത തുറക്കുന്നതോടെ നഗരാതിർത്തിയായ കുംബൽഗോഡിൽ നിന്നു ബെംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകും. കുംബൽഗോഡിനു സമീപം രാജരാജേശ്വരി മെഡിക്കൽ കോളജ് മുതൽ മജസ്റ്റിക് വരെ നിലവിൽ റോഡ് മാർഗം ഒരു മണിക്കൂറുള്ള യാത്ര 30 മിനിറ്റിൽ താഴെയായി കുറയും. വ്യവസായ മേഖലയായ കുംബൽഗോഡ്, ബിഡദി എന്നിവിടങ്ങളിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമാണ് ഇതേറെ പ്രയോജനപ്പെടുക.

ഈ പാതയിൽ റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 29ന് നടക്കാനിരിക്കെ സ്റ്റേഷന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. നിലവിൽ കെങ്കേരിവരെയുള്ള പർപ്പിൾ ലൈനാണ് 1.5 കിലോമീറ്റർ അകലെയുള്ള ചല്ലഘട്ടയിലേക്ക് നീട്ടുന്നത്. ഇതോടെ രാജരാജേശ്വരി മെഡിക്കൽ കോളജ്, ക്രൈസ്റ്റ് സർവകലാശാലയുടെ മൈസൂരു റോഡ് ക്യാംപസ്, കൊമ്മഘട്ട, കെംപെഗൗഡ ലേഔട്ട്, അഞ്ജേപാളയ എന്നീ മേഖലകളിലേക്കുള്ളവർക്ക് ഏറ്റവും അടുത്ത സ്റ്റേഷനായി ചല്ലഘട്ട മാറും. ബെംഗളൂരു– മൈസൂരു റെയിൽപാതയും സ്റ്റേഷന്റെ സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്. 

എക്സ്പ്രസ് വേ കടക്കാൻ കാൽനടപാലം വേണം

കെങ്കേരി മെട്രോ സ്റ്റേഷനെയും ബിഎംടിസി ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന കാൽനട മേൽപാലം

ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ ആരംഭിക്കുന്നതും ചല്ലഘട്ട സ്റ്റേഷനോട് ചേർന്ന് കുംബൽഗോഡ് നിന്നാണ്. എക്സ്പ്രസ് വേയുടെ സർവീസ് റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ മെട്രോ സ്റ്റേഷനിൽ എത്തുന്നവർക്ക് തിരക്കേറിയ റോഡിനു കുറുകെ കടക്കുന്നത് ഏറെ ശ്രമകരമായിരിക്കും. സർവീസ് റോഡ് ഉൾപ്പെടെയുള്ള 10 വരി പാത കടന്നുവേണം അപ്പുറത്തെത്താൻ. എന്നാൽ, കാൽനടപാലം നിർമിക്കാൻ ദേശീയപാത അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. 

അതേസമയം, കെങ്കേരി മെട്രോ, ബസ് ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള കാൽനടപാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. മൈസൂരു റോഡിന് കുറുകെയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ബിഎംടിസി ബസ് ടെർമിനലിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ടെത്താൻ കൂടി കഴിയുന്ന തരത്തിലാണ് മേൽപാലത്തിന്റെ ബാക്കിയുള്ള ഭാഗം നിർമിക്കുന്നത്. 

ചല്ലഘട്ട മെട്രോ ഡിപ്പോ നിർമാണം ഇഴയുന്നു

നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ചല്ലഘട്ട മെട്രോ ഡിപ്പോ

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചല്ലഘട്ട മെട്രോ ഡിപ്പോയുടെ നിർമാണം വൈകുന്നു. 39 ഏക്കറിലായാണ് ഡിപ്പോ നിർമിക്കുന്നത്. കെംപെഗൗഡ ലേഔട്ടിലേക്കുള്ള റോഡ് കടന്നുപോകുന്നതിനാൽ തൂണുകൾക്ക് മുകളിലാണ് ഡിപ്പോ ഒരുക്കുന്നത്. മെട്രോയുടെ ആദ്യ എലിവേറ്റഡ് ഡിപ്പോ കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT