ADVERTISEMENT

ബെംഗളൂരു ∙ കർണാടക ബന്ദ് ബെംഗളൂരുവിനെയും കാവേരിതടത്തിലെ തെക്കൻ ജില്ലകളെയും സ്തംഭിപ്പിച്ചു. കാവേരി നദീജല നിയന്ത്രണ സമിതിയുടെ (സിഡബ്ല്യുആർസി) നിർദേശപ്രകാരം ഒക്ടോബർ 15 വരെ തമിഴ്നാടിനു പ്രതിദിനം 3000 ക്യുസെക് ജലം വിട്ടുകൊടുക്കുന്ന കർണാടക സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് കന്നഡ സംഘടനകൾ ബന്ദ് നടത്തിയത്. സിഡബ്ല്യുആർസി ഉത്തരവിനെ ഇന്നലെ ചേർന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും (സിഡബ്ല്യുഎംഎ) യോഗവും ശരിവച്ചിട്ടുണ്ട്. 

ബന്ദിനെ തുടർ‌ന്ന് ഒഴിഞ്ഞുകിടന്ന ഒക്കലിപുരം മേൽപാലത്തിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ.
ബന്ദിനെ തുടർ‌ന്ന് ഒഴിഞ്ഞുകിടന്ന ഒക്കലിപുരം മേൽപാലത്തിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ.

ബെംഗളൂരുവിനു പുറമേ മൈസൂരു, മണ്ഡ്യ, ചാമരാജനഗർ, രാമനഗര, ഹാസൻ ജില്ലകളിലെ വിദ്യാഭ്യാസ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾ ഇന്നലെ അടഞ്ഞുകിടന്നു. ഐടി കമ്പനികൾ ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തി. ബിജെപിയെയും ജനതാദൾ എസിനെയും ആംആദ്മി പാർട്ടിയെയും കൂടാതെ റസ്റ്ററന്റ് ഉടമകളുടെയും ഓല, ഊബർ ഡ്രൈവർമാരുടെയും ഓട്ടോ തൊഴിലാളുകളുടെയും ഉൾപ്പെടെ 1,900 സംഘടനകൾ ബന്ദിനെ പിന്തുണച്ചു. നഗരത്തിലെ പ്രധാന വ്യാപാരയിടങ്ങളായ കെആർ മാർക്കറ്റും റസൽ മാർക്കറ്റും കമേഴ്സ്യൽ സ്ട്രീറ്റുമൊക്കെ ഒഴിഞ്ഞുകിടന്നതിനാൽ, യുവാക്കൾ ഇവിടങ്ങളിൽ ക്രിക്കറ്റ് കളിച്ചതും വേറിട്ട കാഴ്ചയായി. അതേസമയം ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളെയും വടക്കൻ ജില്ലകളെയും ബന്ദ് കാര്യമായി ബാധിച്ചില്ല. 

44 വിമാനങ്ങൾ റദ്ദാക്കി

യാത്രക്കാർക്ക് എത്താനാകില്ലെന്നത് മുന്നിൽ കണ്ട് ബെംഗളൂരുവിൽ നിന്നുള്ള 44 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. കേരള ആർടിസിയും വൈകിട്ട് 6 വരെയുള്ള സർവീസുകൾ നടത്തിയില്ല. ചുരുക്കം ചില കർണാടക ആർടിസി, ബിഎംടി സർവീസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ നാമമാത്രമായിരുന്നു. സ്വകാര്യ വാഹനങ്ങളും കാര്യമായി ഓടിയില്ല. നമ്മ മെട്രോ പതിവു സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു. 

വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഒരുക്കം

പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്ന പോലെ തമിഴ്നാടിന് ജലം നിഷേധിച്ചാൽ കോടതിയലക്ഷ്യത്തിന് സർക്കാർ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കാവേരി നദീജല നിയന്ത്രണ സമിതി ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നതിന്റെ നിയമസാധുതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി വിരമിച്ച ജഡ്ജിമാരുമായും മുൻ അഡ്വക്കറ്റ് ജനറൽമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കർണാടകയിലെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കാവേരിയുടെ പേരിൽ ബന്ദിന്റെ കാര്യമില്ലെന്നും ജലവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.

വിമാനടിക്കറ്റെടുത്ത് ടെർമിനലിനുള്ളിൽ കടന്ന് പ്രതിഷേധം; അറസ്റ്റ്

വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധം നടത്താൻ ശ്രമിച്ച 5 കന്നഡ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിമാനടിക്കറ്റെടുത്ത് ടെർമിനലിനുള്ളിൽ കയറിയവർ വിമാനങ്ങൾക്ക് സമീപമെത്തി പ്രതിഷേധിക്കാൻ ശ്രമം നടത്തുന്നതിനിടെയാണിത്. വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധവുമായെത്തിയ മറ്റ് 12 പേരെയും കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഗുരുരാജ കല്യാണ മണ്ഡപത്തിനു സമീപം കർണാടക ഫിലിം ചേംബർ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ നേതൃത്വം നൽകി. താരങ്ങൾക്കു പുറമേ സംവിധായകരും നിർമാതാക്കളും ഉൾപ്പെടെയുള്ള കന്നഡ ചലച്ചിത്രലോകവും അണിനിരന്നിരുന്നു. തിയറ്ററുകളും അടഞ്ഞുകിടന്നു. 

നിരോധനാജ്ഞ ലംഘിച്ച് ടൗൺ ഹാളിനു സമീപം പ്രതിഷേധവുമായെത്തിയ കന്നഡ ചലുവലി നേതാവ് വാട്ടാൽ നാഗരാജിനെയും അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തമിഴ്നാട് ഹൊസൂർ അതിർത്തിക്കു സമീപം അത്തിബെല്ലെയിൽ പ്രതിഷേധിച്ച അൻപതിലേറെ കന്നഡ സംഘടനാ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. ചിത്രദുർഗയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ചിത്രമുള്ള ഫ്ലെക്സ് ബന്ദ് അനുകൂലികൾ കത്തിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com