യാത്രക്കാർ ഒട്ടേറെ; ആവശ്യത്തിന് ബസില്ല
Mail This Article
ബെംഗളൂരു∙ കേരള ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പൂർണമായി സ്വിഫ്റ്റിലേക്ക് മാറിയെങ്കിലും വാരാന്ത്യങ്ങളിലും ഉത്സവസീസണിലും സ്പെഷൽ ബസുകൾ അനുവദിക്കുന്നതിനുള്ള ക്ഷാമം തുടരുന്നു. ദസറ, പൂജ അവധി തിരക്കിനു മുന്നോടിയായുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതോടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. കേരളത്തിൽ നിന്ന് പഠനത്തിനും ജോലിക്കുമായി ബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം ഇരട്ടിയായിട്ടും ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് കൂടുതൽ സർവീസ് ആരംഭിക്കാൻ കേരള ആർടിസിക്ക് തടസ്സം.
കേരള ആർടിസിയുടെ എസി, ഡീലക്സ്, എക്സ്പ്രസ് ബസുകൾക്കു പകരമാണ് സ്വിഫ്റ്റ് ബസുകളെത്തിയത്. നിലവിൽ ബെംഗളൂരുവിൽ നിന്നുള്ള പ്രതിദിന സർവീസുകളിൽ 30–35 എണ്ണം വരെ സ്വിഫ്റ്റിലേക്ക് മാറി. ഇരുപതിൽ താഴെയാണ് കേരള ആർടിസി ബസുകളുള്ളത്. സംസ്ഥാനാന്തര പെർമിറ്റുള്ള സ്വിഫ്റ്റ് ബസുകൾ ഇല്ലാത്തതിനാൽ തിരക്കുള്ള ദിവസങ്ങളിൽ പഴയ ഡീലക്സ്, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ബസുകളാണ് ഇപ്പോഴും ഓടിക്കുന്നത്. ഓരോ ബസുകൾ മാത്രമായതിനാൽ തിരുവനന്തപുരത്തേക്ക് ആരംഭിച്ച് എസി, നോൺ എസി സീറ്റർ കം സ്‌ലീപ്പർ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്.
സ്പെഷൽ ട്രെയിൻ കാലി
ദസറ, പൂജ, ദീപാവലി ആഘോഷത്തിരക്കിന്റെ ഭാഗമായി അനുവദിച്ച ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി സ്പെഷൽ ട്രെയിൻ (06083/ 06084) ഓടുന്നതു കാലിയായി. തിരക്കില്ലാത്ത ദിവസങ്ങളിൽ അനുവദിച്ച ട്രെയിനിൽ സ്പെഷൽ ഫെയർ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. 16 എസി ത്രീടയർ കോച്ചുകളുള്ള ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകൾ മാത്രമാണുള്ളത്. ഒക്ടോബർ 3നും 10നും കൊച്ചുവേളിയിൽ നിന്ന് ബയ്യപ്പനഹള്ളിയിലേക്കും 4നും 11നും ബയ്യപ്പനഹള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കും ഓടുന്ന ട്രെയിനിൽ എസി കോച്ചുകളിൽ സീറ്റുകൾ പകുതിയിലധികവും കാലിയാണ്.
ഇതേസമയം ആകെയുള്ള 2 സ്ലീപ്പർ കോച്ചിൽ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലും. നേരത്തെ ഓണത്തിന് അനുവദിച്ച സ്പെഷൽ ട്രെയിനിന്റെ സമയപ്പട്ടികയിൽ തന്നെയാണു പുതിയ സ്െപഷലും ഓടുന്നത്. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45നാണ് ട്രെയിൻ ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്നത്. ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്നാണ് മടക്ക സർവീസ്.
യാത്രക്കാർ ഇരട്ടി: മനു ഏബ്രഹാം (രാജരാജേശ്വരി നഗർ)
‘‘5 വർഷം മുൻപുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ ആളുകൾ ഇപ്പോൾ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി യാത്ര ചെയ്യുന്നുണ്ട്. ട്രെയിനുകൾ പരിമിതമായ മലബാർ മേഖലയിലേക്കുള്ളവർ കൂടുതലായി കേരള ആർടിസി സർവീസുകളെയാണ് ആശ്രയിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ പോലും രാത്രി സർവീസുകളിൽ ഇപ്പോൾ ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണ്. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസുകൾ നിർത്തലാക്കിയത് ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. പഴഞ്ചൻ ബസുകൾ പലപ്പോഴും പാതിവഴിയിൽ തകരാറിലായി കിടക്കുന്നത് പതിവ് യാത്രക്കാരെ പോലും അകറ്റുകയാണ്. ഉത്സവസീസണുകളിൽ സ്വിഫ്റ്റ് ബസുകൾക്ക് താൽക്കാലിക പെർമിറ്റ് എടുക്കാൻ വേണ്ട നടപടികൾ കാര്യക്ഷമമാക്കണം.’’