അവഗണനയുടെ ട്രാക്കിൽ ബാനസവാടി സ്റ്റേഷൻ

Mail This Article
ബെംഗളൂരു∙ മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന ബാനസവാടി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയും ശുചിമുറികളും സ്ഥിരമായി അടച്ചിടുന്നതു യാത്രക്കാരെ വലയ്ക്കുന്നു. പൈപ്പുകളിൽ ശുദ്ധജലം വരുന്നതും വല്ലപ്പോഴും മാത്രം. പ്ലാറ്റ്ഫോമുകളിലെ ഫുഡ് സ്റ്റാളുകൾ തുറക്കുന്നത് വൈകിട്ട് മാത്രമാണ്. കേരളത്തിലേക്കുള്ള കണ്ണൂർ–യശ്വന്തപുര എക്സ്പ്രസ്, കൊച്ചുവേളി–യശ്വന്തപുര ഗരീബ് രഥ് എക്സ്പ്രസ് എന്നിവയ്ക്കാണു നിലവിൽ ബാനസവാടിയിൽ സ്റ്റോപ്പുള്ളത്. നേരത്തെ ഇവിടെ നിന്ന് പുറപ്പെട്ടിരുന്ന എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കൊച്ചുവേളി ഹംസഫർ എക്സ്പ്രസുകൾ എന്നിവ പിന്നീട് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിലേക്ക് മാറ്റിയിരുന്നു. സ്റ്റേഷനിൽ പൊലീസ് ഔട്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതു വരെ യാഥാർഥ്യമായിട്ടില്ല. രാത്രിയിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും വ്യാപകമാണ്.
യാത്ര അമിത നിരക്കിൽ; ഓട്ടോ പ്രീ പെയ്ഡ് കൗണ്ടർ അടഞ്ഞുതന്നെ
സ്റ്റേഷനിലെത്തുന്ന യാത്രക്കാരിൽ നിന്ന് ഓട്ടോയും ടാക്സികളും അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമാകുമ്പോഴും വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പ്രീ പെയ്ഡ് കൗണ്ടർ നോക്കുകുത്തിയായി കിടക്കുന്നു. മലയാളി കൂട്ടായ്മകളുടെ സമ്മർദ ഫലമായി ഇടക്കാലത്ത് കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ പിന്നെയും നിലച്ചു. ഓട്ടോക്കാർ സഹകരിക്കാതെ വന്നതോടെയാണ് കൗണ്ടർ നിർത്തേണ്ടി വന്നതെന്ന് ട്രാഫിക് പൊലീസ് പറയുന്നു.
മൊബൈൽ ആപ് ഉപയോഗിച്ച് വെബ്ഓട്ടോകളും ടാക്സികളും ബുക്ക് ചെയ്യുന്നവർക്ക് ഇവിടുത്തെ ഓട്ടോക്കാരിൽ നിന്ന് ഭീഷണി നേരിട്ട സംഭവങ്ങളും കുറവല്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള ലിംഗരാജപുരം മെയിൻ റോഡിലേക്ക് 2 കിലോമീറ്റർ ദൂരമുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള 3 റോഡുകളുടെയും വീതികുറവ് കാരണം ഗതാഗതക്കുരുക്ക് ഇവിടെ പതിവാണ്. 5 വർഷം മുൻപ് റെയിൽവേ സ്റ്റേഷനിലേക്ക് ബിഎംടിസി മിനി ബസ് സർവീസ് ആരംഭിച്ചിരുന്നെങ്കിലും റോഡിന്റെ പരിമിതി കാരണം ദിവസങ്ങൾക്കുള്ളിൽ നിർത്തി.