ചിക്കബെല്ലാപുരയിലേക്ക് മെമു; ഡെമു സർവീസ് നീട്ടി

Mail This Article
ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തെ ബന്ധിപ്പിച്ച് ദേവനഹള്ളി വരെയുള്ള മെമു, ഡെമു സർവീസുകൾ 11 മുതൽ ചിക്കബെല്ലാപുരയിലേക്ക് നീട്ടും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണിത്. കഴിഞ്ഞ ജൂണിലാണ് കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യെലഹങ്ക, യശ്വന്തപുര സ്റ്റേഷനുകളിൽ നിന്ന് 8 ജോഡി മെമു ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവ കാലിയായി ഓടുന്ന സാഹചര്യത്തിലാണ് സമീപ ജില്ലയായ ചിക്കബെല്ലാപുരയിലേക്ക് നീട്ടിയുള്ള പരീക്ഷണം.
കോടികൾ മുടക്കി വിമാനത്താവളത്തോട് ചേർന്ന് ഹാൾട്ട് സ്റ്റേഷൻ (കെഐഎ ഹാൾട്ട്) സ്ഥാപിച്ചെങ്കിലും ചുരുക്കം യാത്രക്കാർ മാത്രമാണ് ഇതിനെ ആശ്രയിക്കുന്നത്. യെലഹങ്ക–ദേവനഹള്ളി പാത വൈദ്യുതീകരിച്ചതോടെയാണ് മെമു സർവീസുകൾ ആരംഭിച്ചത്. കെഐഎ ഹാൾട്ട് സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ ട്രെയിനുകളുടെ സമയപ്പട്ടിക
∙ ബെംഗളൂരു കന്റോൺമെന്റ്– ചിക്കബെല്ലാപുര മെമു (06531) രാവിലെ 5.10 നു പുറപ്പെട്ട് 6.55നു ചിക്കബെല്ലാപുരയിലെത്തും.
∙ ചിക്കബെല്ലാപുര –കന്റോൺമെന്റ് മെമു (06532) വൈകിട്ട് 6.30നു ചിക്കബെല്ലാപുരയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.12നു കന്റോൺമെന്റിലെത്തും.
∙ ബെംഗളൂരു കന്റോൺമെന്റ്–ദേവനഹള്ളി മെമു (06538) വൈകിട്ട് 4നു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് 6നു ചിക്കബെല്ലാപുരയിലെത്തും. ബയ്യപ്പനഹള്ളി, യെലഹങ്ക, കെഐഎ ഹാൾട്ട്, ദേവനഹള്ളി, അവതിഹള്ളി, വെങ്കട്ടഗിരി കോട്ട, നന്ദി ഹാൾട്ട് എന്നിവിടങ്ങളിൽ നിർത്തും
∙ യശ്വന്തപുര–ചിക്കബെല്ലാപുര മെമു (06593) രാവിലെ 10.10നു യശ്വന്തപുരയിൽ നിന്ന് പുറപ്പെട്ട് 11.40നു ചിക്കബെല്ലാപുരയിലെത്തും.
∙ ചിക്കബെല്ലാപുര–യശ്വന്തപുര മെമു (06594) ഉച്ചയ്ക്ക് 1നു ചിക്കബെല്ലാപുരയിൽ നിന്ന് പുറപ്പെട്ട് 2.50നു യശ്വന്തപുരയിലെത്തും. ലൊട്ടഗോലഹള്ളി, കോടിഗേഹള്ളി, യെലഹങ്ക, കെഐഎ ഹാൾട്ട്, ദേവനഹള്ളി, അവതിഹള്ളി, വെങ്കട്ടഗിരി കോട്ട, നന്ദി ഹാൾട്ട് എന്നിവിടങ്ങളിൽ നിർത്തും.