നമ്മ മെട്രോ മൂന്നാംഘട്ട കുതിപ്പിനായി കേന്ദ്ര അനുമതി തേടി
Mail This Article
ബെംഗളൂരു ∙ നമ്മ മെട്രോ മൂന്നാംഘട്ടത്തിന്റെ നിർമാണത്തിനു തുടക്കമിടാൻ ബിഎംആർസി കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. 81.12 കിലോമീറ്റർ നീളമുള്ള 3 പാതകൾ 2028നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജെപി നഗർ ഫോർത്ത് ഫേസ്– കെംപാപുര(32.15 കിലോമീറ്റർ) പാതയാണ് ആദ്യത്തേത്. 22 സ്റ്റേഷനുകൾ പാതയുടെ ഭാഗമാണ്. ഹൊസഹള്ളി മാഗഡി റോഡ്– കഡബഗെരെ(12 കിലോമീറ്റർ) പാതയിൽ 9 സ്റ്റേഷനുകളുണ്ട്. സർജാപുര– ഹെബ്ബാൾ(37 കിലോമീറ്റർ) പാതയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നു. പദ്ധതിക്കു സംസ്ഥാന ധനമന്ത്രാലയം അനുമതി നൽകി.
എന്നാൽ കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ നിർമാണം ആരംഭിക്കാനാകൂ. 16,328 കോടി രൂപയാണ് നിർമാണച്ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ 20% വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. ശേഷിക്കുന്ന 60% ധനകാര്യ ഏജൻസികളിൽ നിന്നു വായ്പയായി വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
സമയപരിധി പാലിക്കാൻ അനുമതി വേഗം വേണം
നമ്മ മെട്രോ മൂന്നാംഘട്ടം 4.65 ലക്ഷം പേർക്കു പ്രയോജനപ്പെടുമെന്നാണ് ബിഎംആർസി പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വർഷം നിർമാണം പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ 2028ൽ സർവീസ് ആരംഭിക്കുകയെന്ന ലക്ഷ്യം നേടാൻ കഴിയൂ. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഉൾപ്പെടെ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാരിൽ നിന്ന് ഉടൻ അനുമതി ലഭിക്കേണ്ടതുണ്ട്. നേരത്തേ കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പാതയ്ക്കു ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.