പാലം കടക്കാൻ എത്ര കാത്തിരിക്കണം?; വൈകാൻ കാരണം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കം

Mail This Article
ബെംഗളൂരു∙ കെആർ പുരം റെയിൽവേ, മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന കാൽനട മേൽപാലത്തിന്റെ നിർമാണം ഇഴയുന്നു. തിരക്കേറിയ റോഡ് കടക്കാതെ റെയിൽവേ സ്റ്റേഷനിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് എത്താൻ സഹായിക്കുന്ന മേൽപാലമാണിത്.
എന്നാൽ ജനുവരി അവസാനത്തോടെ തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും 3 മാസമായി നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ കേരളത്തിൽ നിന്നുൾപ്പെടെ ട്രെയിനുകളിൽ എത്തുന്നവർ ലഗേജുമായി റോഡ് കടക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ പ്രതിദിനം 30,000 പേർ റോഡ് കടക്കുന്നതായാണ് പൊലീസിന്റെ കണക്ക്. കാൽനടയാത്രക്കാരെ സുരക്ഷിതമായി റോഡ് കടത്താൻ ട്രാഫിക് പൊലീസിനു പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരുന്നുണ്ട്. ഇതു മേഖലയിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിർമാണത്തിന്റെ വേഗം കുറയാൻ കാരണമെന്ന് ബിഎംആർസി പ്രതികരിച്ചു. തർക്കം ഉടൻ പരിഹരിച്ച് നിർമാണം പൂർത്തിയാക്കി മേൽപാലം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
അതിവേഗം പൂർത്തിയാക്കണം
ഒക്ടോബറിൽ നമ്മ മെട്രോ കെആർപുര–ബയ്യപ്പനഹള്ളി പാത തുറന്നതോടെയുണ്ടായ തിരക്ക് കണക്കിലെടുത്താണു റെയിൽവേ, മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കാൽനട മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത്. തൂണുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയായെങ്കിലും പ്രത്യേക കാരണങ്ങളില്ലാതെ പണികൾ നിർത്തിവയ്ക്കുകയായിരുന്നു.
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ് ബൊമ്മസന്ദ്ര പാതയിൽ പരീക്ഷണ ഓട്ടം പുരോഗമിക്കുന്ന സാഹചര്യത്തിൽ കാൽനട മേൽപാലം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.