ഇലക്ട്രിക് ഓട്ടോ കൂടുതൽ റൂട്ടുകളിൽ ഷെയർ സർവീസ് ഷെയർ ഓട്ടോയിൽ ചെലവ് കുറഞ്ഞ യാത്ര
Mail This Article
ബെംഗളൂരു∙ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഉറപ്പുവരുത്താനും നിശ്ചിത റൂട്ടുകളിൽ ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിക്കാൻ കരാർ വിളിച്ച് നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). മല്ലേശ്വരം സംപിഗെ റോഡ്–നാഗപ്പ സ്ട്രീറ്റ്, സംപിഗെ റോഡ്–സിരൂർ പാർക്ക് റോഡ്, മല്ലേശ്വരം 18 ക്രോസ് ബസ് സ്റ്റാൻഡ്–സാൻഡൽ സോപ്പ് ഫാക്ടറി എന്നീ റൂട്ടുകളിലാണ് ആരംഭിക്കുന്നത്. വെബ്ടാക്സികളും മീറ്റർ ഓട്ടോകളും അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിങ് ലാബിന്റെ സഹകരണത്തോടെ ഷെയർ ഓട്ടോ സർവീസ്.
ആദ്യഘട്ടത്തിൽ 30 ഓട്ടോകൾ
ബിഎംടിസി ബസ് സർവീസുകളില്ലാത്ത റൂട്ടുകളാണ് ഷെയർ ഓട്ടോ സർവീസിനു പരിഗണിക്കുന്നത്. ഒരേ സമയം 3 പേർക്കു യാത്ര ചെയ്യാം. ആദ്യഘട്ടത്തിൽ 30 ഇലക്ട്രിക് ഓട്ടോകളാണ് സർവീസിന് ഉപയോഗിക്കുക. ആദ്യ 2 കിലോമീറ്ററിന് 20 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണു നിരക്ക്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് ട്രാക്കിങ് സംവിധാനവും ക്രമീകരിക്കും. ബൊമ്മനഹള്ളി–ബേഗൂർ, ദാസറഹള്ളി മേഖലകളിൽ ഷെയർ ഓട്ടോ സർവീസ് വർഷങ്ങളായി വിജയകരമായി ഓടുന്നുണ്ട്.
പെർമിറ്റ് നിയന്ത്രണം വേണമെന്ന് യൂണിയനുകൾ
ഒന്നരലക്ഷം സിഎൻജി, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഓട്ടോ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി.
മെച്ചപ്പെട്ട വരുമാനം ലഭിക്കാതെ തങ്ങൾ വലയുമ്പോൾ ഈ മേഖലയിലേക്കു കൂടുതൽ പേർ വരുന്നതു ദുരിതം ഇരട്ടിയാക്കും. നഗരറോഡുകളിലെ ഗതാഗതക്കുരുക്കു രൂക്ഷമാകുമെന്നും ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി രുദ്ര മൂർത്തി പറഞ്ഞു. നഗരയാത്ര പരിസ്ഥിതി സൗഹൃദമാക്കാനാണ് അടുത്ത 5 വർഷത്തിനുള്ളിൽ ഒന്നരലക്ഷം സിഎൻജി, ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കു പെർമിറ്റ് നൽകാൻ മോട്ടർ വാഹനവകുപ്പ് നടപടികൾ ആരംഭിച്ചത്.