ഗതാഗതക്കുരുക്ക് സിഗ്‌നൽ രഹിത ഇടനാഴി; ഈസി യാത്രയ്ക്ക് 17 മേൽപാലങ്ങൾ കൂടി

Mail This Article
ബെംഗളൂരു∙ നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള 100 കിലോമീറ്റർ സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായി 17 മേൽപാലങ്ങൾ കൂടി നിർമിക്കാനുള്ള പദ്ധതിയുമായി സർക്കാർ. നിർദിഷ്ട ഹെബ്ബാൾ–സിൽക്ക്ബോർഡ് 18 കിലോമീറ്റർ തുരങ്ക പാതയ്ക്കു പുറമെയാണു കൂടുതൽ ഇടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കുന്നത്. ബെംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ബിബിഎംപി പരിധിയിലെ എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ പാലങ്ങൾ നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 12,000 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
2 ഇടങ്ങളിൽ കൂടി ഡബിൾ ഡെക്കർ മേൽപാലങ്ങൾ
സിൽക്ക്ബോർഡിൽ നിർമിച്ച ഡബിൾ ഡെക്കർ മേൽപാലങ്ങളുടെ മാതൃകയിൽ 2 പാലങ്ങൾ കൂടി നിർമിക്കും. മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായ ജെപി നഗർ ജെഡിമാരയിലും സാരക്കി ജംക്‌ഷനിലുമാണ് ഡബിൾ ഡെക്കർ മേൽപാലങ്ങൾ നിർമിക്കുന്നത്. താഴെ റോഡും മുകളിൽ മെട്രോ പാതയും കടന്നുപോകും.
വീണ്ടും കുഴി ആപ്പുമായി ബിബിഎംപി
റോഡിലെ കുഴികൾ സംബന്ധിച്ചു പരാതി നൽകാൻ പുതിയ മൊബൈൽ ആപ്പുമായി ബിബിഎംപി. ഫിക്സ് പോട്ട്ഹോൾ എന്ന പേരിലാണ് പുതിയ ആപ് പ്രവർത്തനം തുടങ്ങിയത്. നേരത്തെ ഫിക്സ് മൈ സ്ട്രീറ്റ് എന്ന ആപ്പിലാണു റോഡിലെ കുഴികൾ സംബന്ധിച്ച പരാതികൾ നൽകിയിരുന്നത്. ജിപിഎസ് ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് സ്ഥലം കൃത്യമായി കണ്ടെത്തുന്നതിന് സഹായിക്കുന്ന രീതിയിലാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
സിഗ്‌നൽ രഹിത ഇടനാഴികൾ ഇവയൊക്കെ
∙കെആർ പുരം–ഓൾഡ് മദ്രാസ് റോഡ്–അൾസൂർ– സെന്റ് ജോൺസ് ചർച്ച് റോഡ്–ജയമഹൽ റോഡ്–മേക്കറി സർക്കിൾ–ഐഐഎസ്‌സി–യശ്വന്തപുര–ഗോരെഗുണ്ഡപാളയ
∙ നാഗവാര ജംക്‌ഷൻ–രാമകൃഷ്ണ ഹെഗ്ഡെ നഗർ ജംക്‌ഷൻ–സംപിഗേഹള്ളി–തിരുമേനഹള്ളി–ബേലഹള്ളി–ബാഗലൂർ മെയിൻ റോഡ്.
∙ ഹൊസൂർ റോഡ് ആനേപാളയ ജംക്‌ഷൻ–ആടുഗോഡി ജംക്‌ഷൻ–ഫോറം ജംക്‌ഷൻ–മഡിവാള ജംക്‌ഷൻ–സിൽക്ക്ബോർഡ് ജംക്‌ഷൻ
∙മാരേനഹള്ളി മെയിൻ റോഡ്– കനക്പുര മെയിൻ റോഡ്–തലഘട്ടപുര–നൈസ് റോഡ്
∙ ഹഡ്സൺ സർക്കിൾ–മിനർവ സർക്കിൾ
∙ ആനന്ദറാവു സർക്കിൾ–കെആർ സർക്കിൾ
∙ കോനനകുണ്ഡെ ക്രോസ്–കനക്പുര റോഡ്
∙ ഈജിപുര–കോറമംഗല കേന്ദ്രീയ സദൻ–ഹൊസൂർ റോഡ്
∙ ഹോപ്ഫാം ജംക്‌ഷൻ–കെആർ പുരം
∙തുമക്കൂരു റോഡ് ഗോവർധൻ തിയറ്റർ ജംക്‌ഷൻ
∙ യെലഹങ്ക ഓൾഡ് ടൗൺ–വിമാനത്താവളം
∙ ഓൾഡ് മദ്രാസ് റോഡ്–100 ഫീറ്റ് റോഡ് ജംക്‌ഷൻ–സുരജൻദാസ് റോഡ്–സദഗുണ്ഡെപാളയ ജംക്‌ഷൻ
∙ താനറി റോഡ്–മാധവ മുതല്യാർ സ്ട്രീറ്റ്–നാഗവാര ജംക്‌ഷൻ