ഷിറാഡി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ബെംഗളൂരു– മംഗളൂരു ദേശീയപാതയിൽ ഗതാഗതം മുടങ്ങി

Mail This Article
ബെംഗളൂരു ∙ ഷിറാഡി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞതോടെ ബെംഗളൂരു–മംഗളൂരു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു ഹാസൻ സകലേശ്പുരയിലെ ചുരം റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണിത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 ട്രക്കുകളും ഒരു കാറും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആർക്കും പരുക്കില്ല. ഒട്ടേറെ വാഹനങ്ങൾ ബദൽപാതയായ ചർമാഡി ചുരം വഴി തിരിച്ചു വിട്ടു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെടുന്നത്. സുബ്രഹ്മണ്യറോഡ് ചുരം പാതയിൽ മണ്ണിടിഞ്ഞു റെയിൽവേ പാളത്തിലേക്കു വീണതോടെ ഓഗസ്റ്റ് 4 വരെ ട്രെയിൻ സർവീസ് റദ്ദാക്കിയിരുന്നു. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാതയിൽ സർവീസ് പുനഃസ്ഥാപിക്കുന്നത് വൈകുമെന്ന് റെയിൽവേ അറിയിച്ചു.
സകലേശ്പുരയിൽ കുമ്പാരടിയെയും ഹാർലി എസ്റ്റേറ്റിനെയും ബന്ധിപ്പിക്കുന്ന റോഡ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. യെത്തിനഹോളെ ജല വിതരണ പദ്ധതിയുടെ കനാൽ നിർമിക്കുന്നതിനു അടുത്താണ് അപകടമുണ്ടായത്. ഇതോടെ 5 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുകയാണ്. കൃഷ്ണ നദി കരകവിഞ്ഞതോടെ ബെളഗാവി, റായ്ച്ചൂർ, ബാഗൽക്കോട്ട് ജില്ലകളിൽ പ്രളയഭീതി തുടരുകയാണ്. മഴ ദുരിതത്തിൽ 5 പേർ മരിച്ചു.ബെളഗാവിയിൽ 45 പാലങ്ങളും ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെ 23 കിലോമീറ്റർ റോഡും ഒലിച്ചുപോയി. 500 കെട്ടിടങ്ങൾക്കു നാശനഷ്ടങ്ങളുണ്ടായി. 26,674 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു.