ADVERTISEMENT

ബെംഗളൂരു∙ സബേർബൻ റെയിൽ ഉൾപ്പെടെ 3 പദ്ധതികൾക്ക് പ്രതിരോധ വകുപ്പിന്റെ ഭൂമി വിട്ടുകിട്ടാത്തതു തടസ്സമാകുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച് സ്ഥലം വിട്ടുനൽകുന്നതു സംബന്ധിച്ച് ചർച്ച നടത്തി. ബയപ്പനഹള്ളി എസ്എംവിടി ടെർമിനൽ മേൽപാലം, ഈജിപുര ഇന്നർ റിങ് റോഡ്– സർജാപുര മെയിൻ റോഡ് വികസനം എന്നിവയ്ക്കും കൂടിയാണ് പ്രതിരോധ ഭൂമി വിട്ടുകിട്ടേണ്ടത്. ഭൂമി വിട്ടുകിട്ടാനുള്ള കാലതാമസത്തെ തുടർന്ന് റോഡ് വികസനം വർഷങ്ങളായി നിലച്ചിരിക്കുകയാണ്. വിട്ടുനൽകേണ്ട ഭൂമിക്കു പകരം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകും. 

ഈജിപുര–അഗര– സർജാപുര റോഡ് 
ഈജിപുര ഇന്നർ റിങ് റോഡിനെ സർജാപുര മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 17.50 ഏക്കർ ഭൂമിയാണ് പ്രതിരോധ വകുപ്പ് വിട്ടുനൽകേണ്ടത്. 2015ൽ പൂർത്തിയാകേണ്ട പദ്ധതിയാണ് ഭൂമി വിട്ടുകിട്ടാത്തതിനെ തുടർന്ന് പാതിവഴിയിൽ നിലച്ചത്. ഈജിപുര സിഗ്‌നൽ മുതൽ അഗരലേക്ക് ജംക്‌ഷൻ വരെയുള്ള 3 കിലോമീറ്റർ റോഡാണ് വികസിപ്പിക്കേണ്ടത്. ഔട്ടർറിങ് റോഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലുള്ളവർക്ക് റോഡ് വികസനം ഗുണകരമാകും. 30 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. 

ബയ്യപ്പനഹള്ളി റോട്ടറി മേൽപാലം 
ബയ്യപ്പനഹള്ളി വിശേശ്വരായ്യ റെയിൽവേ ടെർമിനലിനെയും (എസ്എംവിടി) ബനസവാടി റോഡിലെ ഐഒസി ജംക്‌ഷനെയും ബന്ധിപ്പിച്ച മേൽപാലം നിർമിക്കാൻ 446.85 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനൽകേണ്ടത്. 

2 വർഷം മുൻപാണ് മേൽപാല നിർമാണത്തിന് പദ്ധതി തയാറാക്കിയത്. മാരുതി സേവാ നഗറിൽ നിന്ന് റെയിൽവേ ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് മേൽപാലം വിഭാവം ചെയ്തിരിക്കുന്നത്. 

സബേർബൻ പാത 
0.11 ഏക്കർ ഭൂമിയാണു സബേർബൻ പാതയ്ക്കായി വിട്ടുനൽകേണ്ടത്. 148 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ പാത 4 ഇടനാഴികളിലായാണു നിർമിക്കുന്നത്.

ബയ്യപ്പനഹള്ളി മേൽപാലം 
ബയ്യപ്പനഹള്ളിയിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് 4454.78 ചതുരശ്ര അടി ഭൂമിയാണ് നൽകേണ്ടത്. 

തുരങ്കപാതയ്ക്ക് കേന്ദ്ര സഹായം: മോദിയെ സന്ദർശിച്ച് ശിവകുമാർ 
നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള 18 കിലോമീറ്റർ തുരങ്കപാതയുടെ നിർമാണത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. 36,950 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കാനുള്ള പെരിഫറൽ റിങ് റോഡ് പദ്ധതി, അപ്പർ ഭദ്ര ജലസേചന പദ്ധതി എന്നിവയ്ക്കും കേന്ദ്ര സഹായം ആവശ്യപ്പെട്ടു. മൻമോഹൻ നിങ് സർക്കാർ ഇലക്ട്രോണിക് സിറ്റി, ഹെബ്ബാൾ, നെലമംഗല മേൽപാലങ്ങൾക്കു തുക അനുവദിച്ചിരുന്നതായും ശിവകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com