കർണാടകയിൽ കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണിയും

Mail This Article
ബെംഗളൂരു∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. റായ്ച്ചൂരിലെ ലിംഗനമക്കി ഡാം തുറന്നുവിട്ടു.മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ ജില്ലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. കുടകിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി പെയ്തിരുന്ന മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്കം തുടരുകയാണ്. കുടകിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നെത്തും. മണ്ണിടിച്ചിൽ ഉണ്ടായ ശ്രീമംഗലയും പ്രളയമുണ്ടായ വിരാജ്പേട്ടിലെ കെടമല്ലൂരു, സിദ്ധാപുര എന്നിവിടങ്ങളിലും സിദ്ധരാമയ്യ എത്തും. ഒട്ടേറെ വീടുകൾ തകർന്ന മടിക്കേരിയിൽ എത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെയും കാണും.
പൊലിഞ്ഞത് 12 ജീവൻ
കർണാടകയിൽ ഈ വർഷം ഇതുവരെ 46 മണ്ണിടിച്ചിലുകളിലായി 12 പേർ മരിച്ചു. ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, ശിവമൊഗ്ഗ, ഉഡുപ്പി, ഉത്തരകന്നഡ ജില്ലകളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ ദുരന്തങ്ങൾക്കു സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകുന്നു.