പ്രതീക്ഷയുടെ ട്രാക്കിൽ എറണാകുളം– ബെംഗളൂരു വന്ദേഭാരത് സ്പെഷലിന്റെ ആദ്യയാത്ര

Mail This Article
ബെംഗളൂരു∙ എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് ആദ്യയാത്ര പുറപ്പെട്ടു. ഇന്നലെ രാവിലെ 5.30നു ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള ആദ്യ സർവീസിന് പകുതിയോളം സീറ്റുകൾ നിറഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്. കെആർ പുരത്തും സ്റ്റോപ് അനുവദിച്ചത് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമാകും. ഈ മാസം 26 വരെ ആഴ്ചയിൽ 3 ദിവസമുള്ള സർവീസിൽ സ്വാതന്ത്ര്യദിനമായ 15നാണ് കൂടുതൽ തിരക്ക്. ഈ ദിവസത്തെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്.
ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ടിക്കറ്റ് ബുക്കിങ് തിരക്ക് പരിശോധിച്ച ശേഷം പതിവ് സർവീസിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്.