ഓണത്തിന് നാട്ടിലെത്താനാകാതെ ആയിരങ്ങൾ, വന്ദേഭാരത് നിർത്തരുത്; ഒറ്റക്കെട്ടായി മലയാളികൾ
Mail This Article
ബെംഗളൂരു∙ ബെംഗളൂരു കന്റോൺമെന്റ് –എറണാകുളം ജംക്‌ഷൻ വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ സർവീസ് ഓണക്കാലത്തേക്കു നീട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നിലവിൽ ഓഗസ്റ്റ് 26 വരെയാണു സർവീസ്. ഒന്നിന് ആരംഭിച്ച സർവീസിൽ ശനി, ഞായർ ദിവസങ്ങളിലാണു കൂടുതൽ തിരക്ക്. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപ് തീർന്നെങ്കിലും സ്പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുകയാണ്.
വന്ദേഭാരത് സ്ഥിരം സർവീസാക്കി മാറ്റണമെന്ന ആവശ്യത്തിലും നടപടിയില്ല. കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കെആർ പുരത്തു സ്റ്റോപ് അനുവദിച്ചതോടെ വൈറ്റ്ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർക്കു കൂടുതൽ സൗകര്യപ്രദമാണ്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.20നു എറണാകുളത്തെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും.
ഗരീബ്‌രഥ് റദ്ദാക്കൽ: പുനരാലോചന വൈകുന്നു
യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257/12258) ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ റദ്ദാക്കിയ നടപടി പിൻവലിക്കാതെ റെയിൽവേ. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന് പ്ലാറ്റ്ഫോം പൊളിക്കുന്നതിന്റെ ഭാഗമായാണ് ആഴ്ചയിൽ 3 ദിവസമുള്ള സർവീസ് പൂർണമായി റദ്ദാക്കിയത്.
എന്നാൽ ഇതേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മറ്റു ദീർഘദൂര ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല. ഒരു മാസക്കാലം ചിക്കബാനവാര, ബാനസവാടി എന്നിവിടങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചിട്ടില്ല. ഇതോടെ യാത്രാതിരക്കേറെയുള്ള ഓണക്കാലത്ത് കേരളത്തിലേക്കുള്ള ഒരു ട്രെയിൻ സർവീസ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
ഓണത്തിന് 4 മാസം മുൻപ് ഗരീബ്‌രഥിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം മറ്റു ട്രെയിനുകളിൽ സീറ്റും ലഭിച്ചില്ല. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ യശ്വന്തപുരയിൽ നിന്നു കൊച്ചുവേളിയിലേക്കും തിരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് ഗരീബ്‌രഥ് സർവീസ് നടത്തുന്നത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ (92 ദിവസം) കേരളത്തിലേക്കുൾപ്പെടെയുള്ള 44 ട്രെയിനുകളുടെ ബെംഗളൂരു കന്റോൺമെന്റിലെ സ്റ്റോപ്പും താൽക്കാലികമായി നിർത്തി.
ഷിറാഡി ചുരത്തിൽ രാത്രിയാത്രാ നിരോധനമില്ല
ബെംഗളൂരു–മംഗളൂരു ദേശീയപാത (എൻഎച്ച്–75) ഷിറാഡി ചുരത്തിലെ രാത്രിയാത്രാ നിരോധനം പിൻവലിച്ചു. തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നാണ് ജൂലൈ 16 മുതൽ ഭാരവാഹനങ്ങൾക്ക് രാത്രിയാത്ര നിരോധിച്ചത്. മഴ കുറഞ്ഞതോടെ നിരോധനം നീക്കി.
കണ്ണൂര്‍ എക്‌സ്‌പ്രസ് ബയ്യപ്പനഹള്ളിയിലേക്ക്
ബെംഗളൂരു∙ യശ്വന്തപുര സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി മംഗളൂരു വഴിയുള്ള കെഎസ്‌ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്‌പ്രസ് (16511/16512) നവംബര്‍ 1 മുതല്‍ ബയ്യപ്പനഹള്ളിയിലെ എസ്‌എംവിടി ടെര്‍മിനല്‍ നിന്നാണ് പുറപ്പെടുക. 2025 മാര്‍ച്ച് 31 വരെയാണ് ടെര്‍മിനല്‍ മാറ്റം. എസ്‌എംടിവി ബെംഗളൂരു-കണ്ണൂര്‍ എക്‌സ്‌പ്രസ് (16511) രാത്രി 8ന് ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെട്ട് 9.25ന് യശ്വന്തപുരയിലെത്തും. കണ്ണൂര്‍-എസ്‌എംവിടി ബെംഗളൂരു എക്‌സ്‌പ്രസ് വൈകിട്ട് 05.05ന്‌് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.10നു യശ്വന്തപുരയിലും 7.45ന് ബയ്യപ്പനഹള്ളിയിലുമെത്തും.