ചുരത്തിൽ മണ്ണിടിച്ചിൽ: ബെംഗളൂരു– മംഗളൂരു ട്രെയിനുകൾ വീണ്ടും നിർത്തി
Mail This Article
ബെംഗളൂരു∙ ഹാസൻ സകലേശ്പുര ചുരം പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു–മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ബല്ലുപേട്ട് സ്റ്റേഷനു സമീപം ശനിയാഴ്ച പുലർച്ചെയാണു കൂറ്റൻ പാറക്കല്ലുകൾ പാളത്തിലേക്ക് വീണത്. ഇതേ പാതയിൽ വരികയായിരുന്ന കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) ആലൂരിലും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) സകലേശ്പുരയിലും മറ്റു 4 ട്രെയിനുകൾ ദൊണിഗൽ, ഹാസൻ എന്നിവിടങ്ങളിലും യാത്ര അവസാനിപ്പിച്ചു.
ട്രെയിനിൽ അകപ്പെട്ടവർക്കു ഭക്ഷണവും കുടിവെള്ളവും നൽകി. യാത്രക്കാർക്ക് 26 കെഎസ്ആർടിസി ബസുകളിൽ തുടർയാത്രാ സൗകര്യമൊരുക്കി. ജൂലൈ 27ന് സുബ്രഹ്മണ്യ റോഡ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന ഗതാഗതം നിർത്തിവച്ച പാതയിൽ 2 ദിവസം മുൻപാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. ഗതാഗതം പുനഃസ്ഥാപിക്കുന്നത് പുരോഗമിക്കുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷനൽ മാനേജർ ശിൽപി അഗർവാൾ പറഞ്ഞു.