യശ്വന്തപുര സ്റ്റേഷൻ നവീകരണം: കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം വന്നേക്കും
Mail This Article
ബെംഗളൂരു∙ യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിലേക്കുൾപ്പെടെയുള്ള കൂടുതൽ ട്രെയിനുകൾക്ക് നിയന്ത്രണം വന്നേക്കും. യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257/12258) 20 മുതൽ സെപ്റ്റംബർ 18 വരെ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ഇതുവഴി കടന്നുപോകുന്ന കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511/16512) നവംബർ 1 മുതൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നാണു പുറപ്പെടുക. 2025 മാർച്ച് 31ന് ശേഷം സർവീസ് യശ്വന്തപുരയിൽ നിന്ന് തന്നെ ആരംഭിക്കുമെന്നാണു ദക്ഷിണ പശ്ചിമ റെയിൽവേയുടെ അറിയിപ്പിൽ പറയുന്നത്.
ഈ ട്രെയിനിന്റെ യശ്വന്തപുര സ്റ്റേഷനിലെ സ്റ്റോപ്പിൽ മാറ്റമില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് (16527/16528), വ്യാഴാഴ്ച മാത്രമുള്ള യശ്വന്തപുര–കൊച്ചുവേളി എസി എക്സ്പ്രസ് (22677/22678), യശ്വന്തപുര–മംഗളൂരു പ്രതിവാര എക്സ്പ്രസ് (16565/16566) എന്നീ ട്രെയിനുകളാണ് ഇവിടെനിന്ന് പുറപ്പെടുന്നത്. ടെർമിനൽ നവീകരണം അടുത്ത വർഷം ജൂലൈയിലാണു പൂർത്തിയാകുക. പ്ലാറ്റ്ഫോം പൊളിക്കുന്നതിന്റെ ഭാഗമായാണു ട്രെയിനുകൾക്ക് നിയന്ത്രണം.
കെഎസ്ആർടിസി ഓണം ബുക്കിങ് ഇന്നുമുതൽ
കേരള, കർണാടക ആർടിസി ബസുകളിലെ ഓണം ബുക്കിങ് ഇന്ന് ആരംഭിക്കും. സെപ്റ്റംബർ 10 മുതലുള്ള ബുക്കിങ്ങാണ് തുടങ്ങുന്നത്. 12,13 തീയതികളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. കേരള ആർടിസി 10 മുതൽ 23 വരെ ഇരുവശങ്ങളിലേക്കും 54 സ്പെഷൽ ബസുകളുടെ റൂട്ടും സമയവും ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് മാത്രമേ സ്പെഷൽ ബസുകളിലെ ഓൺലൈൻ ബുക്കിങ് ആരംഭിക്കുകയുള്ളൂ. കർണാടക ആർടിസിയും 60–100 വരെ സ്പെഷൽ ബസുകൾ ഓടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.