‘മകൻ’ കണ്ടറിഞ്ഞ ദൈവമാതാവിന്റെ ജീവിതം ഭരതനാട്യമായി അരങ്ങിലേത്തിക്കാൻ ആനി
Mail This Article
ബെംഗളൂരു ∙ ദൈവമാതാവിന്റെ ജീവിതം പ്രമേയമാക്കിയുള്ള ഭരതനാട്യം അരങ്ങിലെത്തുന്നു. മലയാളി നർത്തകി ആനി മറിയം കുര്യനാണ് മാതാവിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ കോർത്തിണക്കി അരങ്ങേറ്റം നടത്തുന്നത്. ദൈവമാതാവിന്റെ തിരുനാൾ ദിനമായ 15ന് വൈകിട്ട് 5നു ജെസി റോഡിലെ എഡിഎ രംഗമന്ദിരയിലാണ് 25 മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കുക.
‘മകന്റെ’ കാഴ്ചപ്പാടിലൂടെ മാതാവിന്റെ ജീവിതം നോക്കികാണുന്ന തരത്തിലാണ് നൃത്താവിഷ്കാരം. ബൈബിളിൽ പ്രതിപാദിക്കുന്ന ദൈവമാതാവിന്റെ ശക്തിയും സൗമ്യതയുമാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ക്രൈസ്റ്റ് സർവകലാശാലയിൽ രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ ആനി പറഞ്ഞു.
സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് ബിന്ദു മാലിനിയാണ്. മല്ലേശ്വരത്തെ മാതംഗി നൃത്തക്ഷേത്രയിൽ ഗുരു മാതംഗി എൻ.പ്രസന്നിനു കീഴിലാണ് ആനി 10 വർഷമായി ഭരതനാട്യം അഭ്യസിക്കുന്നത്. സിങ്ങസന്ദ്രയിൽ താമസിക്കുന്ന ഡെല്ലിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ കോട്ടയം സ്വദേശി സുദീപ് ഏബ്രാഹം മാത്യു– ചങ്ങനാശേരി സ്വദേശിനി ജീന ജോസ് ദമ്പതികളുടെ മകളാണ്. സഹോദരൻ ഏബ്രഹാം.