വികസനം 6 മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർ നന്നേ കുറവ്, സ്റ്റേഷനും സർവീസും മാത്രം പോരാ; വേണം, തുടർയാത്രാ സൗകര്യവും
Mail This Article
ബെംഗളൂരു ∙ പ്രതിദിന യാത്രക്കാരുടെ എണ്ണം കുറവുള്ള മെട്രോ സ്റ്റേഷനുകളിൽ നിന്ന് തുടർയാത്രാ സൗകര്യം ഉറപ്പുവരുത്തി കൂടുതൽ പേരെ ആകർഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം 7.5 ലക്ഷം പിന്നിടുമ്പോഴും പതിനായിരത്തിൽ താഴെ യാത്രക്കാർ മാത്രമുള്ള 6 സ്റ്റേഷനുകളാണ് നഗരത്തിലുള്ളത്.
നായന്തഹള്ളി (4776), പീനിയ ഇൻഡസ്ട്രി (5209), ഹോപ്ഫാം ചന്നസന്ദ്ര (5876), തലഘട്ടപുര (6451), കെങ്കേരി(9060), പീനിയ (9405) എന്നീ സ്റ്റേഷനുകളാണ് യാത്രക്കാരുടെ എണ്ണത്തിൽ പിന്നാക്കം നിൽക്കുന്നത്. ബിഎംടിസി ഫീഡർ സർവീസുകളുടെ അഭാവമാണ് ഇതിനു പ്രധാന കാരണം. നിലവിൽ, വിരലിൽ എണ്ണാവുന്ന ഫീഡർ ബസുകൾ മാത്രമാണ് ഈ സ്റ്റേഷനുകളിൽ നിന്നു സർവീസ് നടത്തുന്നത്. ഇവയിൽ മിക്ക സ്റ്റേഷനുകളിലേക്കുമുള്ള നടപ്പാതകൾ ഉൾപ്പെടെ തകർന്നനിലയിലാണെന്നും പരാതിയുണ്ട്. വ്യാവസായിക മേഖലയിലെ സ്റ്റേഷനുകളാണ് ഇവയിൽ ഭൂരിഭാഗവും. സൈക്കിൾ ഡോക്കിങ് സ്റ്റേഷൻ ഉൾപ്പെടെ ഇവിടങ്ങളിൽ സ്ഥാപിക്കണമെന്നും പാർക്കിങ് സൗകര്യം വിപുലീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
യാത്രക്കാരിൽ മുന്നിൽ മജസ്റ്റിക് തന്നെ
നിലവിലെ ഏക ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കാണ് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. 65,196 യാത്രക്കാർ. ബെന്നിഗനഹള്ളി (54,132), ഇന്ദിരാനഗർ (53,355), എംജി റോഡ് (49,451), നാഗസന്ദ്ര (40899) എന്നിവിടങ്ങളിലും തിരക്കേറിയിട്ടുണ്ട്. എന്നാൽ വിശദ പദ്ധതി രേഖയിൽ ലക്ഷ്യമിട്ടിരുന്ന അത്ര യാത്രക്കാരിലേക്ക് എത്താൻ മെട്രോയ്ക്കു ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ അതിനായി ബിഎംആർസി കർമപദ്ധതിക്കു രൂപം നൽകേണ്ടതുണ്ട്.
സ്ക്രീൻ ഡോറുകൾക്ക് പണം കണ്ടെത്തണം
യാത്രക്കാർ ട്രാക്കിൽ വീണുള്ള അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ എല്ലാ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കുന്നത് പരിഗണിക്കുന്നതായി ബിഎംആർസി അറിയിച്ചു. കഴിഞ്ഞ 3ന് ദൊഡ്ഡകല്ലസന്ദ്ര സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 57കാരനായ വ്യാപാരി ജീവനൊടുക്കിയതിനു പിന്നാലെയാണ് നടപടി. നിലവിൽ ഒരു സ്റ്റേഷനിലും ഇത്തരം ഡോറുകളില്ല. എന്നാൽ, ഭൂഗർഭപാതയിലെ മജസ്റ്റിക് കെംപെഗൗഡ, സെൻട്രൽ കോളജ് സ്റ്റേഷനുകളിൽ ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ഡോറുകൾ വ്യാപിപ്പിക്കാൻ ഓരോ സ്റ്റേഷനും 10 കോടി രൂപ വീതം ചെലവ് വരുമെന്നതാണ് ബിഎംആർസി നേരിടുന്ന പ്രതിസന്ധി. നമ്മ മെട്രോയിൽ നിലവിൽ 67 സ്റ്റേഷനുകളിലൂടെയാണ് സർവീസുള്ളത്.