തുടർച്ചയായി 3 മണിക്കൂറോളം പെയ്ത മഴയിൽ ബെംഗളൂരു നഗരജീവിതം ദുരിതത്തിൽ മുങ്ങി
Mail This Article
ബെംഗളൂരു ∙ തുടർച്ചയായി 3 മണിക്കൂറോളം പെയ്ത മഴയിൽ നഗരജീവിതം ദുരിതത്തിൽ മുങ്ങി. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം മണിക്കൂറോളം നിലച്ചു. ബദൽറോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടെങ്കിലും കുരുക്ക് കുറഞ്ഞില്ല.ഉച്ചയോടെ വെള്ളം ഇറങ്ങിയപ്പോഴാണ് പലയിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചത്. ബെന്നാർഘട്ടെ റോഡ്, ഹൊസൂർ റോഡ്, ഔട്ടർ റിങ് റോഡ്, കനക്പുര റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ഹൊസൂർ റോഡിൽ വെള്ളംകയറി വാഹനങ്ങൾ തകരാറിലായതോടെ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിലുള്ള വാഹനങ്ങളും കുടുങ്ങി. സിൽക്ക് ബോർഡ് ജംക്‌ഷനിൽ മഴവെള്ളക്കനാൽ നിറഞ്ഞാണ് സ്ഥിതി രൂക്ഷമാക്കിയത്.
മരം വീണ് 6 പേർക്ക് പരുക്ക്
മാരുതി സേവാ നഗറിൽ കൂറ്റൻ മരം കടപുഴകി വീണ് 4 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആശുപത്രിയിലെത്തി സന്ദർശിച്ചു.