ADVERTISEMENT

ബെംഗളൂരു ∙ യാത്രാക്ലേശം രൂക്ഷമായിട്ടുള്ള ഓണക്കാലത്ത്, യശ്വന്ത്പുര– കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12257/12258) റദ്ദാക്കിയതിനെതിരെ പ്രതിഷേധം കനക്കുന്നു. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ, 20 മുതൽ സെപ്റ്റംബർ 18 വരെ പൂർണമായി റദ്ദാക്കിയതോടെ ദുരിതത്തിലായത് ഓണക്കാലത്ത് നാട്ടിലേക്കു പോകാനും തിരിച്ചുവരാനുമായി മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്.

16 എസി ഇക്കോണമി കോച്ചുകളുള്ള ട്രെയിനിലെ യാത്രയ്ക്ക്, തേഡ് എസിക്കും സ്ലീപ്പറിനും ഈടാക്കുന്നതിന് ഇടയിലുള്ള ടിക്കറ്റ് നിരക്കാണ് നൽകേണ്ടത്. തേഡ് എസിയിൽ 72 ബെർത്ത് ഉള്ളപ്പോൾ ഇക്കോണമി കോച്ചിൽ 83 ബെർത്തുകളുണ്ടെന്നതിനാലാണിത്. ബസിനേക്കാൾ കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ കഴിയുമെന്നതാണ് ഗരീബ് രഥിനെ മറുനാടൻ മലയാളികളുടെ പ്രിയ സർവീസാക്കിയത്. എന്നാൽ, യശ്വന്ത്പുര സ്റ്റേഷനിലെ പ്ലാറ്റ്ഫോം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായാണ് സർവീസ് വരുംദിവസങ്ങളിൽ റദ്ദാക്കുന്നത്.

ബയ്യപ്പനഹള്ളി എസ്എംവിടി പരിഗണിക്കുമോ?
യശ്വന്ത്പുര– കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിലേക്ക് താൽക്കാലികമായി മാറ്റമെന്നിരിക്കേ, അധികൃതർ അനുകൂല തീരുമാനമെടുക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്.

ബാനസവാടി, ചിക്കബാനവാര എന്നിവ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക– കേരള ട്രാവലേഴ്സ് ഫോറം ദക്ഷിണ പശ്ചിമ റെയിൽവേ ഡിവിഷനൽ മാനേജർക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യദിന അവധി: കേരള ആർടിസിക്ക് സ്പെഷൽ ബസ് ഇല്ല
സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത് നാളെയാണ്. എന്നാൽ, പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നിട്ടും കേരള ആർടിസി ഇതുവരെ സ്പെഷൽ ബസുകൾ അനുവദിച്ചിട്ടില്ല.സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ വിവിധ ഡിപ്പോകളിൽ നിന്നു ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ബസുകൾ ലഭിച്ചാൽ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കു നാളെ അധികസർവീസുകൾ നടത്തിയേക്കും. അതേസമയം, കർണാടക ആർടിസി നാളെ ബെംഗളൂരുവിൽ നിന്ന് 18 സ്പെഷൽ ബസുകൾ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, മൂന്നാർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് അധികസർവീസുകൾ.

തിരുവനന്തപുരം സ്ലീപ്പർ ബസ് ഒന്നിടവിട്ട ദിവസങ്ങളിൽ
∙ കേരള ആർടിസി സ്വിഫ്റ്റിന്റെ തിരുവനന്തപുരം എസി സ്ലീപ്പർ ബസ് (ആലപ്പുഴ വഴി) തകരാറിലായതോടെ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി ചുരുക്കി. വൈകിട്ട് 5ന് പുറപ്പെടുന്ന ബസിന് പകരം ചില ദിവസങ്ങളിൽ ഡീലക്സ് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. 

  അറ്റകുറ്റപ്പണിക്ക് ശേഷം അടുത്തയാഴ്ചയോടെ ബസ് എത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സ്ലീപ്പർ ബസുകൾ തകരാറിലായാൽ പകരം ഓടിക്കാൻ സ്പെയർ ബസുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. നിലവിലുള്ള 8 ഗജരാജ സ്ലീപ്പറുകളിൽ 4 എണ്ണം വീതം തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലാണ് ഓടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com