യശ്വന്തപുര– കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് റദ്ദാക്കൽ; ഓണത്തിന് തന്നെ വേണമായിരുന്നോ ഈ ചതി?
Mail This Article
ബെംഗളൂരു∙ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ഉത്സവകാല ടിക്കറ്റുകൾ 4 മാസം മുൻപുതന്നെ വിറ്റുതീരുമ്പോഴാണ് ഏറ്റവും തിരക്കുള്ള ഓണക്കാലത്ത് യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257/12258) റദ്ദാക്കിയുള്ള റെയിൽവേയുടെ ഇരുട്ടടി. കഴിഞ്ഞ മേയിൽ റിസർവേഷൻ ആരംഭിച്ചപ്പോൾ ടിക്കറ്റെടുത്തവർക്കു ജൂൺ അവസാനമാണ് ട്രെയിൻ റദ്ദാക്കിയെന്ന എസ്എംഎസ് സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റ് റീഫണ്ട് കിട്ടി.
എന്നാൽ തെക്കൻ കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി, മൈസൂരു–കൊച്ചുവേളി എക്സ്പ്രസുകളിൽ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റ് 100 കടന്നുകഴിഞ്ഞു. ബെംഗളൂരുവിൽ നിന്ന് സെപ്റ്റംബർ 10നും 12നും തിരിച്ച് 16,18 തീയതികളിലുമാണു ഗരീബ്‌രഥിൽ കൂടുതൽ ബുക്കിങ് ഉണ്ടായിരുന്നത്.
ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
യശ്വന്തപുര–കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് ഓണക്കാലത്തു റദ്ദാക്കിയ നടപടി പിൻവലിക്കുന്നതു സംബന്ധിച്ചു ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കർണാടക –കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) നൽകിയ പരാതിക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.