ADVERTISEMENT

ബെംഗളൂരു∙ സർവീസ് തുടങ്ങി 13 വർഷമാകുമ്പോൾ മെട്രോ ടിക്കറ്റ് വർധിപ്പിക്കാനുള്ള നീക്കത്തിൽ ബിഎംആർസി. ആദ്യമായാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്‌ഡി) സ്ഥാപിക്കാനുള്ള പണം കണ്ടെത്താനാണ് നിരക്ക് വർധന. ബിഎംആർസി പിആർഒ യശ്വന്ത് ചവാനാണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ 3ന് ദൊഡ്ഡകല്ലസന്ദ്ര സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 57 വയസ്സുകാരനായ വ്യാപാരി ജീവനൊടുക്കിയതിനു പിന്നാലെയാണ് പിഎസ്ഡി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ വീണ്ടും സജീവമായത്. നിലവിൽ ഒരു സ്റ്റേഷനിലും ഇത്തരം ഡോറുകളില്ല. 67 സ്റ്റേഷനുകളിലായി ഇവ സ്ഥാപിക്കാൻ 700 കോടിയോളം രൂപയാണു ചെലവുവരുക. നിലവിൽ ടിക്കറ്റിനു കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്.

പ്രതിഷേധവുമായി യാത്രക്കാർ
നീക്കത്തിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. പിഎസ്ഡി സ്ഥാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു സഹായം തേടുകയാണ് വേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ നഗരവാസികൾക്ക് മെട്രോ നിരക്ക് വർധന കനത്ത തിരിച്ചടിയാകുമെന്നും അഭിപ്രായമുയർന്നു

നാഗസന്ദ്ര–മാധവാര സെപ്റ്റംബറിൽ തന്നെ 
ഗ്രീൻ ൈലനിൽ നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ സിഗ്നലിങ് പരീക്ഷണം ഇന്നലെ ആരംഭിച്ചു. അടുത്ത മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാകുമെന്ന് ബിഎംആർസി അറിയിച്ചു.‌‌‌ പരീക്ഷണം വിജയകരമായാൽ അടുത്ത ആഴ്ച പരീക്ഷണയോട്ടം ആരംഭിക്കും. ഇതു പൂർത്തിയാകുന്നതോടെ സുരക്ഷാ കമ്മിഷണറുടെ പരിശോധനയും നടത്തും. മഞ്ജുനാഥനഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണ് പാതയിലെ സ്റ്റേഷനുകൾ. മെട്രോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് നിർമിച്ച പാതയാണിത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കമാണ് തിരിച്ചടിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com