മൂന്നാറിന് പോകാം, സ്പെഷൽ സ്ഥിരമാക്കും: വൈകിട്ട് പുറപ്പെട്ട് രാവിലെ ബെംഗളൂരുവിലെത്തും..!
Mail This Article
ബെംഗളൂരു∙ യാത്രക്കാരുടെ തിരക്കേറിയതോടെ ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കുള്ള വാരാന്ത്യ സ്പെഷൽ സർവീസ് സ്ഥിരമാക്കാൻ കർണാടക ആർടിസി. ബെംഗളൂരുവിൽ നിന്നു വെള്ളിയാഴ്ചകളിലും തിരിച്ച് മൂന്നാറിൽ നിന്നു ഞായറാഴ്ചകളിലുമാണു നോൺ എസി സ്ലീപ്പർ ബസ് സർവീസുള്ളത്. നേരത്തെ ഉത്സവ സീസണുകളിൽ മാത്രം നടത്തിയിരുന്ന സർവീസാണ് വാരാന്ത്യങ്ങളിലേക്കു നീട്ടിയത്. രാത്രി 9.11ന് ബെംഗളൂരു ശാന്തിനഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, കോയമ്പത്തൂർ, പൊള്ളാച്ചി, ഉദുമൽപേട്ട് വഴി രാവിലെ 10.05ന് മൂന്നാറിലെത്തും. മൂന്നാറിൽ നിന്ന് വൈകിട്ട് 5.08ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.30നു ബെംഗളൂരുവിലെത്തും. 1246 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രാസമയം 13 മണിക്കൂർ.
സ്വിഫ്റ്റ് ഡീലക്സിന്റെ റൂട്ട് മാറ്റുമോ?
ബെംഗളൂരുവിൽ നിന്ന് മൈസൂരു, കോഴിക്കോട് വഴിയുള്ള കേരള ആർടിസി പ്രതിദിന മൂന്നാർ സ്വിഫ്റ്റ് ഡീലക്സിന്റെ റൂട്ട് മാറ്റണമെന്ന ആവശ്യം ശക്തം. സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്തിയാൽ യാത്രാസമയത്തിൽ കുറവു വരും. ഉത്സവ സീസണുകളിൽ ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കു പോകുന്നവർ നേരിട്ടുള്ള ബസിനെയാണ് ആശ്രയിക്കുന്നത്. വൈകിട്ട് 4ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നു പുറപ്പെടുന്ന ബസ് മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി രാവിലെ 7.51ന് മൂന്നാറിലെത്തും. മൂന്നാറിൽ നിന്ന് വൈകിട്ട് 3.32ന് പുറപ്പെട്ട് രാവിലെ 7.30നു ബെംഗളൂരുവിലെത്തും. യാത്രാസമയം16 മണിക്കൂർ. പ്രവൃത്തി ദിവസങ്ങളിൽ 913 രൂപയും വാരാന്ത്യങ്ങളിൽ 1191 രൂപയും ടിക്കറ്റ് നിരക്ക്.
ഓണം കഴിഞ്ഞാൽ കന്റോൺമെന്റിൽ സ്റ്റോപ്പില്ല
ഓണാഘോഷം കഴിഞ്ഞ് മടങ്ങിവരുമ്പോൾ കേരളത്തിൽ നിന്നുള്ള 6 ട്രെയിനുകൾക്ക് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. കന്റോൺമെന്റ് സ്റ്റേഷനിലെ 1, 2 പ്ലാറ്റ്ഫോമുകൾ പുതുക്കി പണിയുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബർ 20 മുതൽ ഡിസംബർ 20 വരെ (92 ദിവസം) കേരളത്തിലേക്കുൾപ്പെടെയുള്ള 44 ട്രെയിനുകളുടെ സ്റ്റോപ് താൽക്കാലികമായി നിർത്തിയത്. കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677), എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678),
മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315), കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316), കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526), കന്യാകുമാരി –കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് റദ്ദാക്കിയത്. കന്റോൺമെന്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കെഎസ്ആർ ബെംഗളൂരു, കെആർ പുരം, വൈറ്റ്ഫീൽഡ്, കർമലാരാം സ്റ്റേഷനുകളിൽ നിന്ന് ഈ ട്രെയിനുകളിൽ കയറാം.