വില കൂടി: തേങ്ങ, വെളിച്ചെണ്ണ, സവാള; പിടിവിട്ട് വിലക്കയറ്റം
Mail This Article
ബെംഗളൂരു ∙ ദസറ, ദീപാവലി ആഘോഷങ്ങൾക്ക്് ഒരുങ്ങുന്നതിനിടെ വിലക്കയറ്റത്തിൽ നട്ടം തിരിഞ്ഞ് നഗരവാസികൾ. തേങ്ങ, വെളിച്ചെണ്ണ, പാമോയിൽ, സവാള എന്നിവയുടെ വിലയാണ് കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്നത്. പച്ചക്കറികൾക്കും തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് ഓണക്കാലത്ത് കാര്യമായി വില കൂടിയിരുന്നില്ല.
തേങ്ങവില @ 65–75
തേങ്ങയുടെ വില കിലോയ്ക്ക് 65–75 രൂപയിലെത്തി. നേരത്തെ 50–60 രൂപയായിരുന്നു. ഇടത്തരം വലുപ്പമുള്ള തേങ്ങ കിട്ടണമെങ്കിൽ 35–40 രൂപ നൽകണം. രണ്ടാഴ്ച മുൻപ് വരെ 25–30 രൂപയായിരുന്നു. ദീപാവലിക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തേങ്ങ കൂടുതലായി അയച്ചുതുടങ്ങിയതും വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമായത്.
എണ്ണ വിലയും കൂടി
ഒരാഴ്ചയ്ക്കിടെ വില 20–30 രൂപവരെയാണ് കൂടിയത്. പാചകത്തിന് കൂടുതലായി ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിലിന് ചില്ലറ വിപണിയിൽ 130–140 രൂപയും പാമോയിലിന് 110–120 രൂപയുമായി. വെളിച്ചെണ്ണ വില ലീറ്ററിന് 250–280 രൂപയായി. നേരത്തെ 250 രൂപയിൽ താഴെയായിരുന്നു.
സവാള @ 60
ചില്ലറ വിപണിയിൽ സവാള വില 50–60 രൂപയിലെത്തി. വെളുത്തുള്ളി കാൽ കിലോയ്ക്ക് 100–120 രൂപ നൽകണം. ആട്ട, ഗ്രീൻപീസ്, കടല എന്നിവയുടെ വിലയിലും 5–10 രൂപവരെ കൂടിയിട്ടുണ്ട്.
35 രൂപയ്ക്ക് സവാള: കൂടുതൽ കേന്ദ്രങ്ങളിൽ
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എൻസിസിഎഫ്ഐ) മൊബൈൽ സവാള വിൽപന നഗരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള നൽകുന്നത്. ഒരാൾക്ക് പരമാവധി 2 കിലോ സവാള നൽകും. 15 വാനുകളാണ് വിൽപനയ്ക്കായി ക്രമീകരിച്ചിരിക്കുന്നതെന്ന് ബ്രാഞ്ച് മാനേജർ രവിചന്ദ്ര പറഞ്ഞു.