ടാറിങ് കുറ്റമറ്റതാക്കണമെന്ന് ആവശ്യം; അടച്ച കുഴി ഒറ്റമഴയിൽ കുളമായി
Mail This Article
ബെംഗളൂരു∙ നഗരത്തിലെ റോഡുകളിലെ ദ്രുതഗതിയിലുള്ള കുഴിയടയ്ക്കൽ കണ്ണിൽ പൊടിയിടലാണെന്ന പരാതിക്കിടെ രണ്ടാഴ്ച മുൻപ് ടാറിങ് നടത്തിയ ഐടിപിഎൽ മെയിൻ റോഡ് ഒറ്റ മഴയിൽ തകർന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് റോഡ് തകർന്നത്. ഭോരുക ടെക് പാർക്കിനു സമീപത്തെ റോഡ് റീ ടാറിങ് നടത്തിയതിനു ശേഷം 13നാണ് തുറന്നത്. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് തകർന്നു. ആഴമേറിയ കുഴികൾ രൂപപ്പെട്ടതോടെ യാത്ര ദുരിതമായി. ഗതാഗതക്കുരുക്കും കൂടി. എന്നാൽ ചെറിയ മഴയിൽ തന്നെ റോഡിന്റെ അവസ്ഥ ഇത്രയും ശോചനീയമായത് എങ്ങനെയെന്നു പ്രദേശവാസികൾ ചോദിക്കുന്നു. ടാറിങ് കുറ്റമറ്റ രീതിയിലാണ് നടത്തിയതെന്നും ആക്ഷേപങ്ങൾ ശരിയല്ലെന്നും ബിബിഎംപി ജോയിന്റ് കമ്മിഷണർ കെ.ദാക്ഷായണി പറഞ്ഞു.
അനാവശ്യ ധൃതി തിരിച്ചടിയായോ?
സെപ്റ്റംബർ 15നകം നിരത്തിലെ കുഴികൾ അടയ്ക്കണമെന്ന് നഗര വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. പിന്നാലെ കുഴിയടപ്പ് ദ്രുതഗതിയിലാക്കിയ ഉദ്യോഗസ്ഥർ 14,307 കുഴികൾ അടച്ചു. കൃത്യമായ ആസൂത്രണം ഇല്ലാതെ നടത്തിയ ടാറിങ് ഗതാഗതക്കുരുക്കിനും കാരണമായി. പിന്നാലെ നഗര വ്യാപകമായി റോഡുകൾ പൊളിഞ്ഞു തുടങ്ങിയതായി പരാതികൾ ഉയർന്നു.
അശാസ്ത്രീയ നിർമാണം പ്രശ്നം
നിരത്തുകളുടെ റീടാറിങ്ങിന്റെ ഗുണനിലവാരം സംബന്ധിച്ച് ഹൈക്കോടതി മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. നവീകരിച്ചതിനു പിന്നാലെ റോഡുകൾ തകരുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയായിരുന്നു ഇത്. ടാറിങ്ങും വൈറ്റ് ടോപ്പിങ്ങും ആവശ്യമായ റോഡുകൾ തരംതിരിക്കണമെന്നും കൃത്യമായ ആസൂത്രണത്തോടെ റോഡ് നവീകരിക്കണമെന്നും ഇതിനു വിദഗ്ധരുടെ സഹായത്തോടെ കർമപദ്ധതി തയാറാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.