കരുതലിന്റെ ഉല്ലാസക്കൂട്ട്
Mail This Article
ബെംഗളൂരു∙ പെൻഷൻകാരുടെ പറുദീസയെന്നാണ് ബെംഗളൂരു ആഗോളതലത്തിൽ അറിയപ്പെടുന്നത്. ജീവിതസൗകര്യങ്ങൾ, പ്രകൃതിഭംഗി, കാലാവസ്ഥ തുടങ്ങിയവ കണക്കിലെടുത്ത് ജീവിതസായാഹ്നം ചെലവഴിക്കാൻ ഏറെപ്പേർ ഇഷ്ടപ്പെടുന്ന നഗരം. പ്രായമെന്ന തുരുത്തിനെ അതിജീവിക്കുന്നവരുടെ ഇടം. ഇവരുടെ ജീവിതം ആസ്വാദ്യമാക്കുന്ന കൂട്ടായ്മകളും സജീവം. 1984ൽ പ്രവർത്തനം തുടങ്ങിയ ബാംഗ്ലൂർ വാരിയർ സമാജം മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച കൂട്ടായ്മ ഇതര സംഘടനകൾക്കും മാതൃകയാണ്.
മനസ്സുതുറന്ന് ഉല്ലസിക്കാം
ജോലിത്തിരക്കിനിടെ മാതാപിതാക്കളുടെ ഒറ്റപ്പെടൽ മക്കൾ തിരിച്ചറിഞ്ഞെന്നു വരില്ല. അപ്പാർട്മെന്റുകളിലെ ചെറിയ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടിയിരുന്ന മുതിർന്ന പൗരന്മാരെ കലാകായിക മേഖലകളിൽ സജീവമാക്കുകയായിരുന്നു സമാജത്തിന്റെ ആദ്യ ദൗത്യം. നഗരത്തിലെ പാർക്കുകൾ കേന്ദ്രീകരിച്ചു പ്രതിമാസ ഒത്തുകൂടൽ സംഘടിപ്പിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യഘട്ടത്തിൽ പലരും പങ്കെടുക്കാൻ മടിച്ചെങ്കിലും, പിന്നീട് ആളുകൂടി. മനസ്സു തുറന്നു സംസാരിക്കാനും വിവിധ നാടുകളിലെ ആചാരരീതികൾ, ഭക്ഷണ വൈവിധ്യം തുടങ്ങിയവ പങ്കുവയ്ക്കാനുമുള്ള വേദിയായി കൂട്ടായ്മകൾ മാറി. ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. മാറത്തഹള്ളി ദൊഡ്ഡേനകുണ്ഡിയിലെ സമാജം ആസ്ഥാനത്ത് എല്ലാ രണ്ടാം ശനിയാഴ്കളിലും വൈകിട്ട് ഭജനയും നടത്തുന്നുണ്ട്. സമാജം പ്രസിഡന്റ് സി.വി.മുരളീധരൻ, ട്രഷറർ പ്രദീപ്, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് രാഖി വാര്യർ എന്നിവരാണ് നേതൃത്വം നൽകുന്നത്.