ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ 24 ഇടങ്ങളിൽ മേൽപാല നിർമാണം തുടങ്ങി; ഒടുവിൽ, അപകടഭീതി ഒഴിയുന്നു
Mail This Article
ബെംഗളൂരു ∙ ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേയിൽ 24 ഇടങ്ങളിൽ കാൽനടമേൽപാലങ്ങളുടെ നിർമാണം ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) ആരംഭിച്ചതോടെ, ചല്ലഘട്ടയിൽ റോഡിനു കുറുകെ കടക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയ്ക്കു കൂടി പരിഹാരമാകുകയാണ്. 118 കിലോമീറ്ററുള്ള 10 വരി പാതയിൽ റോഡിനു കുറുകെ കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. ഈ പരാതികൾക്കിടെയാണ് മേൽപാലം നിർമാണം ഊർജിതമാക്കിയത്.
6 മാസം മുൻപ് മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണത്തിന് 1,200 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും സ്ഥലപരിശോധന ഉൾപ്പെടെ പൂർത്തിയായത് അടുത്തയിടെയാണ്. 6 വരി പ്രധാനപാതയിൽ റോഡിനു കുറുകെ കടക്കുന്നത് തടയാൻ ഇരുമ്പുവേലികൾ സ്ഥാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഇത് തകർന്നിരുന്നു. ഇതിലൂടെ കാൽനടയാത്രക്കാർ റോഡിനു കുറുകെ കടക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തിയിരുന്നു.
ചല്ലഘട്ടയിൽ കാൽനടക്കാർക്ക് സൗകര്യം
∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ ആരംഭിക്കുന്ന ചല്ലഘട്ടയിൽ മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ ഏറെ ബുദ്ധിമുട്ടിയാണ് പലരും റോഡിനു കുറുകെ കടക്കുന്നത്. രാജരാജേശ്വരി മെഡിക്കൽ കോളജ്, രാജരാജേശ്വരി ഡെന്റൽ കോളജ്, എസ്ഡിഎം ആയുർവേദ കോളജ്, ഐസിഎഫ്എഐ ബിസിനസ് സ്കൂൾ, ബെംഗളൂരു വികസന അതോറിറ്റിയുടെ നാടപ്രഭു കെംപഗൗഡ ലേഔട്ട് എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. ബിഎംആർസിയുമായി സഹകരിച്ച്, മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പാലം നിർമിക്കാനുള്ള പദ്ധതി തയാറാക്കിയത്. ചല്ലഘട്ട മെട്രോ ഡിപ്പോയുടെ നിർമാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്.