ദീപാവലി യാത്ര ചൂടപ്പം പോലെ തീർന്ന് സ്പെഷൽ സർവീസ് ടിക്കറ്റുകൾ
Mail This Article
ബെംഗളൂരു ∙ ദീപാവലിത്തിരക്കിന്റെ ഭാഗമായി ഇന്ന് പുറപ്പെടുന്ന യശ്വന്ത്പുര–കോട്ടയം സ്പെഷൽ ട്രെയിൻ (06215 06216) സർവീസിന് മികച്ച പ്രതികരണം. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലായി. വൈകിട്ട് 6.30നു പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 8.10നു കോട്ടയത്തെത്തും. നാളെ രാവിലെ 11.10നു കോട്ടയത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.
ഉത്സവസീസണുകളിൽ ബെംഗളൂരുവിൽ നിന്ന് മധ്യകേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ വേണമെന്ന വർഷങ്ങളായി യാത്രക്കാരുടെ കൂട്ടായ്മകൾ മുറവിളി ഉയർത്തിയിരുന്നു. ആദ്യമായാണ് ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത്.
കോട്ടയം റെയിൽവേസ്റ്റേഷൻ വികസനം പൂർത്തിയായതോടെ വരുന്ന ശബരിമല സീസണിൽ ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കോട്ടയത്തേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കാനുള്ള സാധ്യത ദക്ഷിണ റെയിൽവേ പരിശോധിക്കുന്നുണ്ട്. നിലവിൽ 5 പ്ലാറ്റ്ഫോമുകൾ ഉള്ളതും അനുകൂല ഘടകമാണ്.
സ്പെഷൽ ബസുകളിലും ഇനി ടിക്കറ്റില്ല
∙ കേരള, കർണാടക ആർടിസി ദീപാവലി സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്നു. ഇന്നും നാളെയുമായാണ് കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കായി കേരള ആർടിസി 15–20 ഉം കർണാടക ആർടിസി 20–25 ഉം ബസുകളാണ് അനുവദിച്ചിരിക്കുന്നത്.
കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലേക്കായി ഇന്ന് മുതൽ നവംബർ 2 വരെ 2000 സ്പെഷൽ ബസുകളാണ് ആർടിസി ഓടിക്കുന്നത്.
എസി മൾട്ടി ആക്സിൽ ബസുകളുടെ ഫ്ലാഗ് ഓഫ്
∙ കർണാടക ആർടിസിയുടെ പുതിയ 20 എസി മൾട്ടി ആക്സിൽ ബസുകളുടെ ഫ്ലാഗ് ഓഫ് നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. വോൾവോ 9600 സീരീസിലെ ബസുകളാണ് പുറത്തിറക്കുന്നത്.
കേരളത്തിലേക്കുൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലെ കാലപ്പഴക്കമേറിയ ബസുകൾക്ക് പകരമാണ് പുതിയ ബസുകൾ അനുവദിക്കുക. 1.78 കോടിരൂപ വിലവരുന്ന ബസിൽ കൂടുതൽ സ്ഥലസൗകര്യത്തോട് കൂടിയ ലഗേജ് റാക്ക്, സുരക്ഷാ അലാം, തീപിടിത്തം തടയാനുള്ള വാട്ടർ നോസിലുകൾ എന്നീ ക്രമീകരണങ്ങളുണ്ട്.