ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേ: 71 കിലോമീറ്റർ പാത തുറന്നു; ഇനി അതിവേഗ യാത്ര
Mail This Article
ബെംഗളൂരു ∙ ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായി, കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനു തുറന്നുകൊടുത്തതായി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ആകെ 262 കിലോമീറ്റർ പാതയിലെ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും നിർമാണം പൂർത്തിയാകാനുണ്ട്. ആ ഭാഗങ്ങൾ കൂടി തുറന്നാലേ ടോൾ പിരിവ് ആരംഭിക്കൂ. പാത പൂർണമായി യാഥാർഥ്യമാകുന്നതോടെ 4 വരി പാതയിലൂടെ 3–4 മണിക്കൂർ കൊണ്ട് ബെംഗളൂരു–ചെന്നൈ യാത്ര ചെയ്യാം.
ഹൊസ്കോട്ടെ– മാലൂർ (26.40 കിലോമീറ്റർ), മാലൂർ– ബംഗാർപേട്ട് (27.10 കിലോമീറ്റർ), ബംഗാർപേട്ട്– ബേതമംഗല (17,50 കിലോമീറ്റർ) എന്നീ 3 ഘട്ടങ്ങളിലാണ് നിർമാണം പൂർത്തിയായത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട പാതയാണിത്. 16,370 കോടിരൂപ ചെലവിൽ നിർമിക്കുന്ന എക്സ്പ്രസ് വേയ്ക്കായി 2,650 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
പാത കടന്നുപോകുന്നത് 3 സംസ്ഥാനങ്ങളിലൂടെ
ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെ കോളത്തൂർ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ നിലവിലെ ചെന്നൈ– ബെംഗളൂരു ദേശീയപാതയുമായി എക്സ്പ്രസ് വേ സംഗമിക്കും. ആന്ധ്രയിലെ 85 കിലോമീറ്ററും തമിഴ്നാട്ടിലെ 106 കിലോമീറ്ററും പാതയുടെ ഭാഗമാണ്. ഭാവിയിൽ 8 വരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 100–120 കിലോമീറ്റർ വരെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 2 ടോൾ ബൂത്തുകൾ
എക്സ്പ്രസ് വേയിൽ കർണാടകയിലൂടെ കടന്നുപോകുന്ന പാതയിൽ 2 ടോൾ ബൂത്തുകളുണ്ടാകും. കോലാർ ജില്ലയിലെ ബെല്ലാവി, സുന്ദർപാളയ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകൾ.