ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ ഉടൻ പരീക്ഷണയോട്ടം: മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഇന്നെത്തും

Mail This Article
ബെംഗളൂരു∙ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര 18.82 കിലോമീറ്റർ പാതയിലേക്കുള്ള മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഇന്ന് ഹെബ്ബഗോഡി ഡിപ്പോയിലെത്തും. ഇതോടെ ഐടി കമ്പനികൾ ഏറെയുള്ള ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പാതയിൽ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ഭാഗികമായി സർവീസ് ആരംഭിക്കുന്നതിനു സാധ്യത തെളിയുന്നു.
ടിറ്റഗർ കമ്പനി നിർമിച്ച കോച്ചുകൾ ജനുവരി ആറിനാണ് കൊൽക്കത്തയിൽനിന്നു റോഡ് മാർഗം യാത്ര ആരംഭിച്ചത്. ഇവയുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. പാതയിൽ ആദ്യ ഘട്ടത്തിൽ 3 ട്രെയിനുകൾ 30 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
ട്രെയിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഇടവേള കുറയ്ക്കും. സ്റ്റേഷനുകളുടെ നിർമാണം മാസങ്ങൾക്കു മുൻപ് പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കുന്നതിലെ കാലതാമസമാണ് സർവീസ് വൈകാൻ ഇടയാക്കുന്നത്.
നിർമാണ പുരോഗതി വിലയിരുത്തി ശിവകുമാർ
മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്താൻ ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നേരിട്ട് എത്തി. ജെപി നഗർ ഫോർത്ത് ഫേസ് മെട്രോ സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു.
പ്രദേശവാസികളുടെ പരാതികൾ കേട്ടു. പിന്നാലെ ശാന്തിനഗറിലെ ബിഎംആർസി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്നു ജെപിനഗർ ഫോർത്ത് ഫെയ്സ് വരെ 32.15 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബഗെരെ വരെ 12.5 കിലോമീറ്ററുമാണ് ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.