ബജറ്റിലെ പുതിയ ബസ് ടെർമിനൽ: കെ ആർ പുരം ടെർമിനലിൽ കണ്ണുനട്ട് മലയാളി യാത്രക്കാർ

Mail This Article
ബെംഗളൂരു ∙ നഗരത്തിന്റെ കിഴക്കൻമേഖലയായ കെആർ പുരത്ത് പുതിയ സാറ്റലൈറ്റ് ബസ് ടെർമിനൽ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മലയാളി യാത്രക്കാർക്കു ഗുണകരമാകും. അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സർവീസുകൾക്കു വേണ്ടി തുടങ്ങുന്ന ടെർമിനലിൽ നിന്ന് കേരള ആർടിസി ബസുകൾക്കും സർവീസ് നടത്താനാകും. മലയാളികൾ ഏറെയുള്ള ഇവിടെനിന്ന് നിലവിൽ കേരള ആർടിസിക്കു സർവീസുകളില്ല.
ഇവിടങ്ങളിൽ നിന്നുള്ളവർ ശാന്തിനഗർ, സിൽക്ക് ബോർഡ്, സാറ്റലൈറ്റ് എന്നിവിടങ്ങളിലെത്തിയാണ് കേരള ആർടിസി ബസുകളിൽ കയറുന്നത്. കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ ചിലത് കെആർ പുരത്ത് പിക്കപ് പോയിന്റ് അനുവദിച്ചിട്ടുണ്ട്. കൂടാതെ മഡിവാളയിലേക്കു ഷട്ടിൽ ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.കെആർ പുരത്ത് നിന്ന് ഔട്ടർ റിങ് റോഡിലൂടെ കേരള ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന് നേരത്തേ മലയാളി കൂട്ടായ്മകൾ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. പാർക്കിങ് സൗകര്യം ഇല്ലാത്തതും ഗതാഗതക്കുരുക്കുമാണ് സർവീസ് തുടങ്ങുന്നതിന് തടസ്സമായത്.
പാളിപ്പോയ ബയ്യപ്പനഹള്ളി ടെർമിനൽ
സംസ്ഥാനാന്തര സർവീസുകൾക്കായി കെആർ പുരത്തിനു സമീപം ബയ്യപ്പനഹള്ളിയിൽ ആരംഭിച്ച ടെർമിനൽ കർണാടക ആർടിസിക്കു കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. 2010ൽ 9 ഏക്കറിലായി നിർമിച്ച ടെർമിനലിലേക്കു യാത്രക്കാർ എത്താതായതോടെ പ്രവർത്തനം നിർത്തുകയായിരുന്നു. 2015ൽ ബസ് ടെർമിനൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷന് കൈമാറി. ഇവിടെയാണ് നിലവിൽ മെട്രോ ഡിപ്പോ പ്രവർത്തിക്കുന്നത്. ടെർമിനലിലേക്ക് തുടർയാത്രാ സൗകര്യമില്ലാത്തതാണ് തിരിച്ചടിയായത്.
കരകയറാനാകാത പീനിയ
രക്ഷാമാർഗങ്ങൾ പലതും പയറ്റിയിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന്റെ കണക്കുകൾ മാത്രമാണ് പീനിയ ബസവേശ്വര ടെർമിനലിനുള്ളത്. 5 ഏക്കറിലായി 40 കോടിരൂപ ചെലവഴിച്ച് 2014ൽ നിർമിച്ച ടെർമിനലിൽ നിന്ന് ഇപ്പോൾ കേരള ആർടിസി മാത്രമാണ് ബസ് സർവീസ് നടത്തുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന ആർടിസികൾ നേരത്തെ കൈയൊഴിഞ്ഞ ഇവിടെ നിന്ന് 6 സർവീസുകളാണ് കേരള ആർടിസിക്കുള്ളത്. പീനിയക്കും ജാലഹള്ളിക്കു ഇടയിലുള്ള ടെർമിനലിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതാണ് തിരിച്ചടിയായത്. കർണാടക ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഇത് ഷോപ്പിങ് കോംപ്ലക്സാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ടെർമിനൽ ദൂരവാണിനഗറിൽ?
ദൂരവാണിനഗറിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിസിന്റെ (ഐടിഐ) ഉടമസ്ഥതയിലുള്ള 5 ഏക്കർ ഭൂമിയിലാണ് പൊതു–സ്വകാര്യ പങ്കാളിത്തതോടെയുള്ള നിർദിഷ്ട ബസ് ടെർമിനൽ വിഭാവനം ചെയ്യുന്നത്. മൈസൂരു റോഡിലെ സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസവേശ്വര ടെർമിനൽ, കലാശിപാളയം എന്നിവയ്ക്ക് പുറമേയാണ് കെആർ പുരത്ത് സാറ്റലൈറ്റ് ടെർമിനൽ വരുന്നത്. ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികൾ അവസാനഘട്ടത്തിലാണ്.
ബെംഗളൂരു– കോലാർ ദേശീയപാതയും വൈറ്റ്ഫീൽഡ് മെയിൻ റോഡും സംഗമിക്കുന്ന കെആർ പുരത്ത് ടെർമിനൽ ഇല്ലാത്തതിനാൽ റോഡരികിലാണ് സംസ്ഥാനാന്തര ബസുകൾ ഉൾപ്പെടെ നിർത്തിയിടുന്നത്. ടെർമിനൽ വരുന്നതോടെ കോലാർ, തിരുപ്പതി, ചിറ്റൂർ എന്നിവിടങ്ങളിലേക്കുള്ള കർണാടക ആർടിസിയുടെയും ആന്ധ്ര ആർടിസിയുടെയും ബസ് സർവീസുകൾ ഇവിടെനിന്ന് ആരംഭിക്കാൻ കഴിയും. നഗരമധ്യത്തിലെ മജസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നഗരാതിർത്തികളിൽ കൂടുതൽ സാറ്റലൈറ്റ് ബസ് സ്റ്റേഷനുകൾ നിർമിക്കുന്നത്.