സബേർബൻ പാത: ബജറ്റിൽ 500 കോടി മാത്രം; 148 കിലോമീറ്റർ പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 15,767 കോടി
Mail This Article
ബെംഗളൂരു∙ നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സബേർബൻ പാതയ്ക്ക് സംസ്ഥാന ബജറ്റിൽ 500 കോടി രൂപ അനുവദിച്ചത് പര്യാപ്തമല്ലെന്ന് ആക്ഷേപം. 148 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിക്ക് 15,767 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 4 ഇടനാഴികളിലായി നിർമിക്കുന്ന പദ്ധതിയുടെ രണ്ടെണ്ണത്തിന്റെ നിർമാണം മാത്രമാണ് പുരോഗമിക്കുന്നത്. ബയ്യപ്പനഹള്ളി–ചിക്കബാനവാര, ഹീലലിഗെ– രാജനകുണ്ഡെ ഇടനാഴികളുടെ നിർമാണമാണ് തുടങ്ങിയത്.
സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ളവയ്ക്ക് ഈ തുക മതിയാകില്ല. 2026 ഡിസംബറിൽ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള 2 ഇടനാഴികളുടെയും 20% താഴെ പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായത്.കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനിക്ക് (കെ റൈഡ്) നിർമാണച്ചുമതലയുള്ള പദ്ധതിയുടെ 20 % കേന്ദ്രവും 20% സംസ്ഥാന സർക്കാരും ബാക്കിയുള്ള 60% മറ്റു ഏജൻസികളുമാണ് വഹിക്കുന്നത്.
പാത ഇരട്ടിപ്പിക്കലിന് കൂടുതൽ തുക; നിർമാണത്തിന് വേഗമേറും
ബയ്യപ്പനഹള്ളി–ഹൊസൂർ (48 കിലോമീറ്റർ), യശ്വന്തപുര–ചന്നസന്ദ്ര (21.7 കിലോമീറ്റർ) പാതകളുടെ ഇരട്ടിപ്പിക്കലിന് 406 കോടിരൂപ അനുവദിച്ചതോടെ നിർമാണത്തിന് വേഗമേറും. 70 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ ഇരട്ടിപ്പിക്കലിന് 812 കോടി രൂപയാണ് ചെലവ് വരുന്നത്. സബേർബൻ പാതയുടെ ഭാഗമായാണ് പാത ഇരട്ടിപ്പിക്കൽ പുരോഗമിക്കുന്നത്. ബയ്യപ്പനഹള്ളി മുതൽ കർമലാരാം ഹീലലിഗെ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയായി. യശ്വന്തപുര–ചന്നസന്ദ്ര പാത ഇരട്ടിപ്പിക്കൽ ആരംഭ ഘട്ടത്തിലാണ്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ട്രെയിനുകൾ ക്രോസിങ്ങിനായി പിടിച്ചിടുന്നത് കുറയ്ക്കാൻ സാധിക്കും.