വിഷു യാത്ര: കേരള, കർണാടക ബസ് ബുക്കിങ് ഇന്ന് തുടങ്ങും

Mail This Article
ബെംഗളൂരു∙ വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. വിഷു, ഈസ്റ്റർ അവധിക്ക് കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.
പൊങ്കാലയ്ക്ക് വരുമോ സ്പെഷൽ ട്രെയിൻ?
ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ മലയാളികൾ. 13നാണ് പൊങ്കാല. കഴിഞ്ഞ വർഷം ബയ്യപ്പനഹള്ളിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച ട്രെയിൻ കാലി സീറ്റുകളുമായാണ് സർവീസ് നടത്തിയത്. ട്രെയിനിന്റെ അശാസ്ത്രീയമായ സമയ ക്രമമാണ് തിരിച്ചടിയായത്.