ചാർജ് വർധന: മെട്രോയിൽ യാത്രക്കാരുടെ പ്രതിഷേധം; പ്ലക്കാർഡേന്തി പ്രതിഷേധയാത്ര

Mail This Article
ബെംഗളൂരു ∙ ചാർജ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെട്രോയിൽ യാത്രക്കാർ പ്രതിഷേധിച്ചു. നിരക്ക് വർധന യാത്രക്കാരെ സ്വകാര്യ വാഹനങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന പ്ലക്കാർഡുകളുമായാണ് യാത്രക്കാർ ട്രെയിനിൽ പ്രതിഷേധിച്ചത്. മലിനീകരണത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്ന നടപടി ഉടൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ഫെബ്രുവരി 7നാണ് നിരക്ക് 71% വരെ കൂട്ടിയത്. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധമാണ് ഇപ്പോൾ ട്രെയിനിലേക്കും വ്യാപിച്ചത്. പുതുക്കിയ നിരക്ക് നിലവിൽ വന്നതോടെ പ്രതിദിന യാത്രക്കാർ ഒരു ലക്ഷത്തോളം കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 6.68 ലക്ഷം പേർ മാത്രമാണ് മെട്രോയിൽ യാത്ര ചെയ്തത്. മുൻപ് വാരാന്ത്യങ്ങളിൽ 8 ലക്ഷത്തോളം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചിരുന്നത്.
ഭക്ഷണത്തേക്കാൾ ചെലവുള്ള യാത്ര
മെട്രോയിൽ സഞ്ചരിച്ചിരുന്ന 16% യാത്രക്കാർ നിരക്ക് കൂടിയതോടെ മറ്റു യാത്രാസംവിധാനങ്ങളിലേക്കു മാറിയതായി സന്നദ്ധസംഘടനയായ ഗ്രീൻ പീസ് ഇന്ത്യയുടെ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത മിക്കവരും തങ്ങളുടെ യാത്രാച്ചെലവ് വർധിച്ചതായി അഭിപ്രായപ്പെട്ടു. ഭക്ഷണത്തിനു ചെലവഴിക്കുന്നതിനേക്കാൾ അധികം തുക മെട്രോ യാത്രയ്ക്കു മുടക്കേണ്ടി വരുന്നതായി 72.9% പേർ വെളിപ്പെടുത്തി.
ചെലവ് ചുരുക്കാനായി, 38.2% പേർ ചില യാത്രകൾ ഒഴിവാക്കിയെന്നും പറഞ്ഞു. 5% പേർ ഓഫിസിനും കോളജിനും സമീപത്തേക്കു താമസം മാറാൻ ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വർധിച്ചതോടെ ഗതാഗതക്കുരുക്കിൽ ചെലവിടേണ്ട സമയം വർധിച്ചതായി 11% പേർ അഭിപ്രായപ്പെട്ടു. തിരക്ക് കൂടുതലുള്ള മെട്രോ സ്റ്റേഷനുകൾക്കു സമീപം താമസിക്കുന്ന 505 പേരാണ് സർവേയിൽ പങ്കെടുത്തത്.
ഇലക്ട്രോണിക് സിറ്റിയിലേക്ക് മേയിൽ
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള മെട്രോ ആർവി റോഡ് ബൊമ്മസന്ദ്ര പാതയിൽ മേയിൽ സർവീസ് ആരംഭിക്കുമെന്ന് നഗരവികസന വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. നിയമസഭയിൽ ബൊമ്മനഹള്ളി എംഎൽഎ സതീഷ് റെഡ്ഡിക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. നേരത്തേ ഏപ്രിൽ അവസാനത്തോടെ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാതയാണിത്.
ആദ്യഘട്ടത്തിൽ 3 ട്രെയിനുകൾ 30 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. നിലവിൽ ബിഎംആർസിയുടെ പക്കൽ 2 ട്രെയിനുകളാണുള്ളത്. ഏപ്രിലിൽ 2 എണ്ണം കൂടി ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കല്ലേന അഗ്രഹാര– നാഗവാര പാതയിൽ, കല്ലേന അഗ്രഹാര– താവരക്കരെ (7.5 കിലോമീറ്റർ) ഇടനാഴിയിൽ ഡിസംബറിൽ സർവീസ് തുടങ്ങുമെന്നും ശേഷിക്കുന്ന ഡയറി സർക്കിൾ– നാഗവാര (13.7 കിലോമീറ്റർ) ഭൂഗർഭ ഇടനാഴിയിൽ 2026 ഡിസംബറിൽ സർവീസ് തുടങ്ങുമെന്നും ശിവകുമാർ വ്യക്തമാക്കി.