കന്റോൺമെന്റ് സ്റ്റേഷൻ നവീകരണം: പേരിലെ സാമ്യം, പ്ലാറ്റ്ഫോമിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ

Mail This Article
ബെംഗളൂരു ∙ കന്റോൺമെന്റ് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോം പൊളിച്ചുമാറ്റിയതോടെ യാത്രക്കാർ ആശയക്കുഴപ്പത്തിലായി. പുതുതായി നിർമിച്ച പ്ലാറ്റ്ഫോമുകളുടെ നമ്പറുകൾ തമ്മിലുള്ള സാമ്യമാണ് യാത്രക്കാരെ കുഴക്കുന്നത്. പ്ലാറ്റ്ഫോം വൺ ബി, വൺ സി, വൺ ഡി, വൺ ഇ എന്നിങ്ങനെയാണ് പുതിയ പ്ലാറ്റ്ഫോമുകൾക്കു താൽക്കാലികമായി നമ്പർനൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസുകൾ പുതിയ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് പുറപ്പെട്ടത്. കൃത്യമായ സൂചന ബോർഡുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ പലരും രണ്ടാം പ്ലാറ്റ്ഫോമിലേക്കു പോയി. ഒടുവിലാണ് പുതുതായി നിർമിച്ച പ്ലാറ്റ്ഫോമിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നതെന്ന് അറിഞ്ഞത്. പ്രതിദിനം കേരളത്തിലേക്ക് ഉൾപ്പെടെ 58 എക്സ്പ്രസ് ട്രെയിനുകളും 37 പാസഞ്ചർ ട്രെയിനുകളുമാണ് കന്റോൺമെന്റ് സ്റ്റേഷനിലൂടെ കടന്നുപോകുന്നത്.
മാർഗനിർദേശവുമായി റെയിൽവേ
∙മജസ്റ്റിക് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് കെആർ പുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും പതിവുപോലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് വരിക. ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നവർ മില്ലേഴ്സ് റോഡിലെ രണ്ടാം കവാടത്തിലൂടെ പ്രവേശിക്കണം.
∙മധുര, കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസുകൾ പുറപ്പെടുന്ന വൺ എ, വൺ ഇ പ്ലാറ്റ്ഫോമുകളിലേക്കുള്ളവർ കന്റോൺമെന്റ് റോഡിന്റെ ശിവാജിനഗർ ഭാഗത്തുനിന്ന് പ്രവേശിക്കണം.
∙മില്ലേഴ്സ് റോഡിൽനിന്നുള്ള രണ്ടാം കവാടത്തിൽ മാത്രമാണ് പാർക്കിങ് സൗകര്യമുള്ളത്.
∙ഒന്നാം കവാടത്തിൽ ഒരു റിസർവേഷൻ കൗണ്ടറും 4 അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറും രണ്ടാം കവാടത്തിൽ (മില്ലേഴ്സ് റോഡ് ഭാഗം) 2 അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറും ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രവും പ്രവർത്തിക്കുന്നുണ്ട്.