വിമാനത്താവളത്തിലേക്ക് വേഗമെത്താം; ബുഡിഗരെ ക്രോസ് സമാന്തര പാത നിർമാണം അവസാനഘട്ടത്തിൽ

Mail This Article
ബെംഗളൂരു∙ വിമാനത്താവളത്തെ കോലാർ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഹൊസ്കോട്ടെ–ബുഡിഗരെ ക്രോസ് സമാന്തര പാതയുടെ നിർമാണം അവസാനഘട്ടത്തിൽ. 20 കിലോമീറ്റർ ദൂരം വരുന്ന 4 വരി റോഡ് മണ്ഡൂർ, ബുഡിഗരെ, സിംഗഹള്ളി, മൈലനഹള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. നഗരത്തിന്റെ കിഴക്കൻമേഖലയായ കെആർ പുരം, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ബെള്ളാരി റോഡിലും, ഹെന്നൂർ–ബാഗലൂർ റോഡിലും പ്രവേശിക്കാതെ വിമാനത്താവളത്തിലെത്താം.
വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിന് സമീപത്തുനിന്നാണ് പുതിയ റോഡ് ആരംഭിക്കുന്നത്. 2018ൽ റോഡ് വികസന അനുമതി ലഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വൈകി. കർണാടക റോഡ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ് (കെഐഎഡിബി) പാതയുടെ നിർമാണച്ചുമതല. കെഐഎഡിബി വ്യവസായ പാർക്കുമായും റോഡ് ബന്ധിപ്പിക്കുന്നുണ്ട്. ബുഡിഗരെ റോഡ് കൂടി തുറക്കുന്നതോടെ വിമാനത്താവളത്തിലേക്കുള്ള സമാന്തര റോഡുകളുടെ എണ്ണം രണ്ടാകും. ഹെന്നൂർ ക്രോസ്–നാഗവാര, ബാഗലൂർ സമാന്തര റോഡ് 4 വർഷം മുൻപാണ് തുറന്നത്.
ഹെബ്ബാൾ മേൽപാല റാംപ് അടുത്ത മാസം തീരും
ഹെബ്ബാൾ മേൽപാലത്തിന്റെ റാംപ് നിർമാണം അടുത്ത മാസം പൂർത്തിയാകും. തുമക്കൂരു റോഡിനെയും കെആർ പുരം റോഡിനെയും ബന്ധിപ്പിക്കുന്ന റാംപിന്റെ നിർമാണം 6 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഉദ്ദേശിച്ച വേഗത്തിൽ നിർമാണം നടന്നില്ല. റാംപ് നിർമാണത്തിന്റെ ഭാഗമായി കെആർ പുരം ഭാഗത്ത് നിന്ന് ഹെബ്ബാൾ മേൽപാലത്തിലേക്കുള്ള ഗതാഗത നിയന്ത്രണം തുടരുകയാണ്.