ഈദ് യാത്ര: കേരള, കർണാടക ആർടിസിയിൽ രാത്രിയാത്രയ്ക്ക് ടിക്കറ്റില്ല

Mail This Article
ബെംഗളൂരു∙ ഈദുൽ ഫിത്‌റിന് (ചെറിയ പെരുന്നാൾ) മുന്നോടിയായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നു. മാർച്ച് 28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള രാത്രി സർവീസുകളിലെ ടിക്കറ്റുകളാണ് തീർന്നത്. പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്.
കണ്ണൂർ എക്സ്പ്രസ് ഏപ്രിൽ മുതൽ കെഎസ്ആറിൽ
മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ 1 മുതൽ കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെടും. യശ്വന്തപുര സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ട്രെയിൻ കഴിഞ്ഞ നവംബറിലാണ് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിലേക്ക് മാറ്റിയത്. കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) രാത്രി 9.35ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.55ന് കണ്ണൂരിലെത്തും. കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) വൈകിട്ട് 5.05ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.35ന് ബെംഗളൂരുവിലെത്തും.