ഓട്ടോ യാത്ര; ബെംഗളൂരു നഗരത്തിൽ മിനിമം നിരക്ക് 40 രൂപയാക്കും

Mail This Article
ബെംഗളൂരു ∙ നഗരത്തിൽ ഓട്ടോ യാത്രയ്ക്കുള്ള മിനിമം നിരക്ക് 40 രൂപയാക്കുന്നു. നിരക്ക് ഉയർത്തണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. എന്നാൽ, മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ മാത്രമേ പുതുക്കിയ നിരക്ക് നിലവിൽ വരൂ. നിലവിൽ 2 കിലോമീറ്ററിനു 30 രൂപയാണ് മിനിമം നിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. അതു യഥാക്രമം 50 രൂപ, 25 രൂപ എന്നിങ്ങനെ വർധിപ്പിക്കണമെന്നാണ് തൊഴിലാളി സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ, മിനിമം നിരക്ക് 40 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിരക്ക് 20 രൂപയുമായി പരിഷ്കരിക്കാമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. ബിഎംടിസി ബസ്, മെട്രോ എന്നിവയ്ക്കു പിന്നാലെ ഓട്ടോ നിരക്കും വർധിക്കുന്നതോടെ നഗരത്തിലെ യാത്രാച്ചെലവ് കുതിച്ചുയരും.
വെബ് ടാക്സിആപ്പുകളെ നിയന്ത്രിക്കണം
നടപടി പ്രാബല്യത്തിൽ വരുന്നതോടെ വെബ് ടാക്സി നിരക്കും ഉയരും. നിലവിൽ, സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കാതെ, തോന്നുംപടിയാണ് വെബ് ടാക്സികൾ പണം ഈടാക്കുന്നത്. അതിനാൽ, നിരക്ക് കൂടുമ്പോൾ, വെബ് ടാക്സി ആപ്പുകൾ അമിതകൂലി ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.