ഗതാഗത നിയമലംഘനം: ട്രാഫിക് പൊലീസിന്റെ പേരിൽ വ്യാജ സന്ദേശം; പിഴയടപ്പിച്ചും പണംതട്ടൽ
Mail This Article
ബെംഗളൂരു ∙ ഗതാഗത നിയമലംഘന പിഴയുടെ പേരിലും ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ട്രാഫിക് പൊലീസിന്റേതെന്ന തരത്തിൽ വ്യാജസന്ദേശം അടങ്ങിയ ലിങ്കുകളാണു വാഹന ഉടമകൾക്കു ലഭിക്കുന്നത്. എസ്എംഎസിലൂടെയും വാട്സാപ്പിലൂടെയും അയയ്ക്കുന്ന അത്തരം സന്ദേശങ്ങളിൽ അടയ്ക്കേണ്ട തുക എത്രയാണെന്നുണ്ടാകും. ഒപ്പം തുക അടയ്ക്കാനുള്ള ഓൺലൈൻ ലിങ്കും ലഭിക്കും. ഔദ്യോഗിക അറിയിപ്പാണെന്നു കരുതി ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന്, അക്കൗണ്ട് വിവരങ്ങളും മറ്റും പൂരിപ്പിക്കാനും ആവശ്യപ്പെടും.
വിവരം നൽകുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് നിമിഷങ്ങൾക്കകം പണം നഷ്ടപ്പെടും. മോട്ടർ വാഹനവകുപ്പിന്റെ പരിവഹൻ വെബ്സൈറ്റിൽ നിന്നുൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുസംഘം വാഹന ഉടമകളുടെ ഫോണുകളിലേക്കു സന്ദേശം അയയ്ക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കൂടിയതോടെ ട്രാഫിക് പൊലീസ് ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കണം
പിഴത്തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ലഭിച്ചാൽ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി. ബെംഗളൂരു ട്രാഫിക് പൊലീസിന്റെ വെബ്സൈറ്റ്, പരിവാഹൻ വെബ്സൈറ്റ്, ഔദ്യോഗിക മൊബൈൽ ആപ് എന്നിവയിലേതെങ്കിലും പരിശോധിച്ചതിനു ശേഷം മാത്രമേ പിഴത്തുക അടയ്ക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
പിഴത്തുക അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളിലെ ചലാൻ നമ്പറിൽ 14 അക്കങ്ങളാണ് ഉണ്ടാകുകയെന്നും ട്രാഫിക് പൊലീസിന്റെ സന്ദേശത്തിലെ ചലാൻ നമ്പറിൽ 19 അക്കങ്ങളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. സംശയം തോന്നിയാൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ മടിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു.