എസ്എസ്എൽസി പരീക്ഷ ജയിപ്പിക്കാൻ ഉത്തരക്കടലാസിനുള്ളിൽ 500 രൂപ കൈക്കൂലി!

Mail This Article
ബെംഗളൂരു∙ ബെളഗാവിയിലെ ചിക്കോഡി കേന്ദ്രത്തിൽ എസ്എസ്എൽസി മൂല്യനിർണയത്തിനെത്തിയ ഉത്തരക്കടലാസിനുള്ളിൽ പണവും കൈക്കൂലി വാഗ്ദാനങ്ങളും. പരീക്ഷ ജയിപ്പിക്കണമെന്ന അപേക്ഷയ്ക്കൊപ്പം ഒരു ഉത്തരക്കടലാസിനുള്ളിൽ നിന്ന് 500 രൂപ കണ്ടെത്തി. ‘പരീക്ഷ ജയിച്ചില്ലെങ്കിൽ തന്നെ ഉപേക്ഷിക്കുമെന്നു പ്രണയിനി ഭീഷണിപ്പെടുത്തുന്നു. പ്രണയത്തിന്റെ ഭാവി താങ്കളുടെ കൈകളിലാണ്. ഇതുപയോഗിച്ച് ചായ കുടിച്ചോളൂ. കാൽക്കൽ വീണപേക്ഷിക്കുകയാണ്’– പണം കണ്ടെത്തിയ ഉത്തരക്കടലാസിലെ അപേക്ഷ ഇങ്ങനെ.
ഇക്കുറി ജയിച്ചില്ലെങ്കിൽ രക്ഷിതാക്കൾ വിവാഹം കഴിപ്പിക്കുമെന്നും അതിനാൽ ജയിപ്പിക്കണമെന്നുമാണ് മറ്റൊരു വിദ്യാർഥിനിയുടെ നിവേദനം. ജയിപ്പിച്ചാൽ വേണ്ടത്ര പണം നൽകാമെന്നാണ് മറ്റൊരു വാഗ്ദാനം. ജയിപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നും പ്രാർഥിക്കാമെന്നും മറ്റൊന്നിൽ കുറിച്ചിരിക്കുന്നു. എസ്എസ്എൽസി പരീക്ഷാഫലം മേയ് ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെ, ജയം കയ്യെത്തിപ്പിടിക്കാനുള്ള പുതിയ അടവുകളിൽ അതിശയിച്ചിരിക്കുകയാണ് അധ്യാപകർ.