ബ്ലൂ സ്മാർട്ട് വെബ്ടാക്സി പ്രവർത്തനം നിർത്തി: വിമാനത്താവളത്തിൽ വാഹനത്തിനായി നെട്ടോട്ടം

Mail This Article
ബെംഗളൂരു∙ബ്ലൂ സ്മാർട്ട് വെബ്ടാക്സി കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടത്ര വാഹനം ലഭിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ടെർമിനലിന് പുറത്ത് യാത്രക്കാർ മണിക്കൂറുകളോളമാണ് വാഹനം കാത്തുനിന്നത്. പണമിടപാടിൽ ക്രമക്കേട് കണ്ടെത്തിയതോടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ബ്ലൂ സ്മാർട്ട് വിവിധ നഗരങ്ങളിലെ വെബ്ടാക്സി സർവീസ് നിർത്തിയത്.
2023 മാർച്ചിലാണ് ബെംഗളൂരു വിമാനത്താവള യാത്രക്കാർക്കായി ബ്ലൂ സ്മാർട്ട് ഇലക്ട്രിക് കാർ സർവീസ് ആരംഭിച്ചത്. പരിസ്ഥിതി സൗഹാർദ കാറുകൾക്ക് ടെർമിനലിൽ പ്രത്യേക പിക്കപ് പോയിന്റ് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. ഊബർ, ഓല, റാപ്പിഡോ ഉൾപ്പെടെയുള്ള വെബ്ടാക്സി കമ്പനികളുടെ പിക്കപ് പോയിന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലും ഇപ്പോൾ തിരക്കേറി.
ടിക്കറ്റ് പരിശോധന കർശനമാക്കാൻ ബിഎംടിസി
വരുമാനച്ചോർച്ച കൂടിയതോടെ വിജിലൻസ് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കാൻ ബിഎംടിസി. ഡിജിറ്റൽ ടിക്കറ്റ് സംവിധാനം എല്ലാ ബസുകളിലും നടപ്പിലാക്കിയിട്ടും കഴിഞ്ഞ മാസങ്ങളിൽ വരുമാനത്തിൽ കാര്യമായ ഇടിവ് നേരിട്ടിരുന്നു. ടിക്കറ്റ് ക്രമക്കേട് കണ്ടെത്താൻ യൂണിറ്റ് അടിസ്ഥാനത്തിലാണ് വിജിലൻസ് സ്ക്വാഡുകൾ പരിശോധന നടത്തുന്നത്.