ഫാസ്ടാഗിലെ സാങ്കേതിക പ്രശ്നം: കിലോമീറ്ററുകൾ നീളുന്ന കുരുക്ക്; എന്നു തീരും ഈ ദുരിതയാത്ര

Mail This Article
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഗതാഗതക്കുരുക്ക് പതിവാകുന്നു. വാരാന്ത്യ അവധി ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളും. നഗരാതിർത്തിയായ ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി ടോൾ പ്ലാസകളിലാണ് വാഹനങ്ങൾ കുടുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് പുറമേ കേരളത്തിലേക്കുൾപ്പെടെയുള്ള ആർടിസി, സ്വകാര്യ ബസുകളും വഴിയിൽ മണിക്കൂറുകളോളം കിടക്കേണ്ടിവരുന്നു.
ബെംഗളൂരുവിൽ നിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുമ്പൽഗോഡ് മേൽപാലത്തിൽ കുടുങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലയ്ക്കും. സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾ തെറ്റായ ദിശയിൽ വരുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു.അവധി ദിവസങ്ങളിൽ 70,000–90,000 വാഹനങ്ങൾ കടന്നുപോകുന്നതായാണ് ദേശീയപാത അതോറിറ്റിയുടെ കണക്ക്.