കേരള ആർടിസി: ആലപ്പുഴയിലേക്ക് വേണം സ്പെഷൽ

Mail This Article
ബെംഗളൂരു ∙ കേരള ആർടിസിയുടെ ചേർത്തല, ഹരിപ്പാട് സ്പെഷൽ ഡീലക്സ് സർവീസുകൾ വാരാന്ത്യങ്ങളിലേക്കു നീട്ടണമെന്ന ആവശ്യം ശക്തം. വിഷു, ഈസ്റ്റർ സ്പെഷലായാണ് ഇവ സർവീസ് നടത്തിയത്. വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും വ്യാഴം, ഞായർ ദിവസങ്ങളിൽ ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നുമായി സർവീസ് ക്രമീകരിച്ചാൽ കൂടുതൽ പേർക്കു സൗകര്യപ്രദമാകും.
ആലപ്പുഴയിലേക്കു നേരത്തേ സർവീസ് നടത്തിയിരുന്ന സ്കാനിയ എസി ബസ് തിരുവനന്തപുരത്തേക്കു നീട്ടിയതോടെ നിലവിൽ കേരള ആർടിസിക്ക് ഇവിടെനിന്ന് പുറപ്പെടുന്ന മറ്റു ബസുകളില്ല. ബെംഗളൂരുവിൽനിന്ന് ആലപ്പുഴ വഴി തിരുവല്ലയിലേക്കുള്ള സ്വിഫ്റ്റ് ഡീലക്സ് ബസിനു മാത്രമാണു ചേർത്തലയിൽ റിസർവേഷനുള്ളത്. അതേസമയം, ബെംഗളൂരു– ആലപ്പുഴ റൂട്ടിൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണു സ്വകാര്യ ഏജൻസികൾ എസി സ്ലീപ്പർ സർവീസുകളുടെ എണ്ണം കൂട്ടിയത്.
സ്ലീപ്പർ സർവീസ് തുടങ്ങാൻ കർണാടക ആർടിസി
പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ലഭിക്കുന്നതോടെ കർണാടക ആർടിസി ബെംഗളൂരു– ആലപ്പുഴ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കും. കഴിഞ്ഞ ഓണം സീസണിൽ ആലപ്പുഴയിലേക്കു സ്പെഷൽ സർവീസ് നടത്തിയപ്പോൾ മികച്ച വരുമാനമാണു ലഭിച്ചത്. നേരത്തേ ആലപ്പുഴയിലേക്ക് എസി ഐരാവത് ക്ലബ് ക്ലാസ് സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിയിരുന്നു. കോട്ടയത്തേക്കും സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതു പരിഗണനയിലുണ്ട്.