അടങ്ങാതെ മഴക്കലി; 500ൽ അധികം വീടുകളിൽ വെള്ളം കയറി

Mail This Article
ബെംഗളൂരു ∙ കഴിഞ്ഞ 4 ദിവസമായി വേനൽമഴ കലിതുള്ളി പെയ്തതോടെ ബെംഗളൂരു നഗരത്തിലെ കോൺക്രീറ്റ് കാടുകൾ പെരുവെള്ളത്തിലായി. നഗരത്തിന്റെ വിവിധയിടങ്ങളിലായി 500ൽ അധികം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും വാഹനങ്ങളും നശിച്ചു.തിരക്കേറിയ ഹൊസൂർ റോഡിൽ വെള്ളം പൊങ്ങിയതിനെ തുടർന്നു സിൽക്ക് ബോർഡിനും രൂപേന അഗ്രഹാരയ്ക്കും ഇടയിൽ ഇന്നലെ രാവിലെ മണിക്കൂറുകളോളം ഗതാഗതം നിരോധിച്ചു. ഹൊസൂർ റോഡിൽ കുടുങ്ങിയ യാത്രക്കാർ പലരും ടാക്സികളിൽ നിന്നും മറ്റുമിറങ്ങി നടന്നു.മരം വീണും വെള്ളം പൊങ്ങിയും സിൽക്ക് ബോർഡ് ജംക്‌ഷൻ, ഹെബ്ബാൾ, യെലഹങ്ക തുടങ്ങി ഒട്ടേറെയിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. നിർമാണത്തിലുള്ള സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി. മാന്യത ടെക്പാർക്ക്, സായി ലേഔട്ട്, റെയിൻബോ ഡ്രൈവ് ലേഔട്ട് എന്നിവിടങ്ങളിലെ പെരുവെള്ളക്കെട്ട്, ഇതുവരെ നടത്തിയ അടിസ്ഥാനസൗകര്യ വികസനമൊന്നും പര്യാപ്തമല്ലെന്നതിന്റെ ഉദാഹരണമാണ്.

നാലാം ദിനവും വെള്ളക്കെട്ട്
ശനിയാഴ്ച മുതൽ വെള്ളക്കെട്ട് തുടരുന്ന ഹൊറമാവ് സായി ലേഔട്ടിൽ അൻപതിലധികം കുടുംബങ്ങൾ വീടുകൾക്കുള്ളിൽ തണുത്തു വിറച്ചു കഴിയുകയാണ്.ലിംഗരാജപുരം, കോക്സ് ടൗൺ, ഫ്രേസർ ടൗൺ, സേവാനഗർ എന്നിവിടങ്ങളിൽ റോഡിൽ മുട്ടൊപ്പം വെള്ളം പൊങ്ങി. ചന്ദാപുര റെയിൽവേ മേൽപാലത്തിനു സമീപം റെയിൽവേ ട്രാക്കിലെ മണ്ണൊലിച്ചു പോയി. തുടർന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണിട്ടുറപ്പിച്ചു. ബാറ്ററിയിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ ബിഎംടിസിയുടെ 50 വൈദ്യുതി ബസുകൾ റദ്ദാക്കി. ബിബിഎംപി ചീഫ് കമ്മിഷണർ എം.മഹേശ്വർറാവു സിൽക്ക് ബോർഡ് ജംക്‌ഷനിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോൺക്രീറ്റ് കാടും കയ്യേറ്റവും വിനയായി
അമിതമായ കോൺക്രീറ്റ് വൽക്കരണവും തടാകങ്ങളുടെയും മഴവെള്ള കനാലുകളുടെയും കയ്യേറ്റവുമാണ് ഓരോ മഴക്കാലത്തും നഗരത്തെ വെള്ളത്തിലാക്കുന്നത്.ഓടകൾ ചെളിമൂടി അടയുന്നതോടെ മഴവെള്ളം റോഡുകളിലേക്കും വീടുകളിലേക്കും ഇരച്ചുകയറുന്നു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും തണ്ണീർത്തടം തെളിക്കലും 2016 ൽ സർക്കാർ ആരംഭിച്ചതാണ്. എന്നാൽ, കോടതി നടപടികളുടെ നൂലാമാലകളിൽ കുടുങ്ങി ഇതെങ്ങുമെത്തിയില്ല.
ഏഴു ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നേരത്തെ 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ഇവിടങ്ങളിൽ മിന്നൽ പ്രളയ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യുന്ന ബെംഗളൂരുവിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
മരണം അഞ്ചായി
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. ബെംഗളൂരുവിൽ 3, റായ്ച്ചൂരിലും കാർവാറിലും ഒന്നു വീതവുമാണ് മരണം. തിങ്കളാഴ്ച വൈകിട്ട് ബിടിഎം സെക്കൻഡ് സ്റ്റേജിലെ അപ്പാർട്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മൻമോഹം കാമത്ത് (63), ദിനേശ് (12) എന്നിവർ മരിച്ചു. തിങ്കളാഴ്ച രാവിലെ മഹാദേവപുരയിൽ സോഫ്റ്റ്‌വെയർ കമ്പനിയുടെ സംരക്ഷണ ഭിത്തി തകർന്ന് ജീവനക്കാരി ശശികല (35) മരിച്ചിരുന്നു. റായ്ച്ചൂരിലും കാർവാറിലും മിന്നലേറ്റാണു രണ്ടു പേർ മരിച്ചത്.