വഴിയിലെ കുഴി കാരണം ബുദ്ധിമുട്ട്: 50 ലക്ഷം നഷ്ടപരിഹാരം വേണം; വക്കീൽ നോട്ടിസ് അയച്ച് യുവാവ്

Mail This Article
ബെംഗളൂരു ∙ നഗരത്തിലെ അപകടക്കുഴികൾ താണ്ടിയുള്ള യാത്ര കാരണമുണ്ടായ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിഎംപിക്ക് യുവാവ് വക്കീൽ നോട്ടിസ് അയച്ചു. 15 ദിവസത്തിനകം 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമേ അഭിഭാഷക ഫീസ് 10000 രൂപയും തേടി റിച്ച്മണ്ട് ടൗൺ സ്വദേശി ഡോ. ദിവ്യകിരൺ (43) ആണ് നോട്ടിസ് അയച്ചത്. നിരസിക്കുന്നപക്ഷം ഹൈക്കോടതിയെയും ലോകായുക്തയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴുത്തിനും നടുവിനും കഠിനമായ വേദന വന്നതു നഗരത്തിലെ റോഡുകളിലൂടെയുള്ള യാത്രയിൽ വാഹനങ്ങളുടെ കുലുക്കം കാരണമാണെന്ന് ദിവ്യകിരൺ ആരോപിച്ചു. 4 തവണ സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ തേടി.അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ മഹാനഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ കമ്മിഷണർക്ക് അയച്ച നോട്ടിസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.