ADVERTISEMENT

മധുര ∙ പൂക്കളും മഞ്ഞളും കൊണ്ട് അലങ്കരിച്ച വടിവാസലിനു മുന്നിൽ മസിൽ പെരുപ്പിച്ചും നെറ്റിക്കുറി അമർത്തി വരച്ചും വീരന്മാർ കാത്തുനിന്നു. ഒരു നിമിഷത്തിന്റെ കൺചിമ്മലിൽ പാഞ്ഞടുക്കുന്ന കാളക്കൂറ്റന്റെ മുതുക് മാത്രമാണ് അവരുടെ കണ്ണിൽ. മുക്രയിട്ട് ശരംപോലെ ചീറ്റിവന്ന മാടിനെ പിടിച്ചുകെട്ടാനുള്ള മരണക്കളിയിൽ ആവേശം ഇരട്ടിയാക്കി ആർത്തിരമ്പി വൻ പുരുഷാരം സാക്ഷി... ഇതാണ് കരുത്തിന്റെ ആവേശവും തമിഴിന്റെ വീരവും നിറയുന്ന ജെല്ലിക്കട്ട് മഹോത്സവത്തിന്റെ ആദ്യ കാഴ്ച. 

പൊങ്കലിനോടനുബന്ധിച്ച് മധുരയുടെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ജെല്ലിക്കട്ട് ഈ ജനതയുടെ ശ്വാസമാണ്. അതിനായി അവർ കരുതി വയ്ക്കുന്ന ഉരുക്കൾ അവരുടെ ജീവനും. മുൻ വർഷങ്ങളിൽ അലയടിച്ച വിവാദങ്ങളും വിലക്കുകളും കൊമ്പുകോർത്ത് തൂക്കിയെറിഞ്ഞ് ജെല്ലിക്കട്ടിന്റെ ആവേശം തിരിച്ചുപിടിച്ച് മധുരയുടെ പൊടിക്കാറ്റിൽ കാളക്കൂറ്റന്മാർ കസർത്തു.  മധുരയിലെ പാലമേട്ടിൽ ഇന്നലെ നടന്ന ജെല്ലിക്കട്ടിൽ പങ്കെടുത്തത് 659 കാളക്കൂറ്റന്മാരാണ്.

ആയിരത്തോളം വീരന്മാർ കാളകളെ എതിരിടാൻ എത്തി. 25 പേർക്ക് പരുക്കേറ്റു. വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ വീരന്മാർ (ജെല്ലിക്കട്ട് മത്സരത്തിൽ പങ്കെടുക്കുന്നവരെ വീരന്മാർ എന്നാണ് വിളിക്കുക) നിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്.  മെരുക്കാനാവാത്ത കാളക്കൂറ്റന്മാരുടെ ഉടമകൾക്കും പൊൻനാണയവും വീട്ടുപകരണങ്ങളും പാരിതോഷികം ലഭിച്ചു. ഇന്നു നടക്കുന്ന അളങ്കാനല്ലൂർ ജെല്ലിക്കട്ടോടെ ഇത്തവണത്തെ മധുര ജെല്ലിക്കട്ട് ഉത്സവം അവസാനിക്കും.

ഗ്യാലറിയിൽ ഇരുന്ന സ്ത്രീയ്ക്ക്  കാളയുടെ കുത്തേറ്റ് പരുക്ക്

ചെന്നൈ∙മാട്ടുപ്പൊങ്കൽ ദിനമായ ഇന്നലെ തമിഴ്നാട്ടിലെങ്ങും ജെല്ലിക്കെട്ടുകൾ അരങ്ങേറി. മധുരയിലെ പ്രശസ്തമായ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലും നടന്ന ജെല്ലിക്കെട്ടുകൾക്ക് ആവേശം പകരാൻ പതിനായിരങ്ങളെത്തി. തിരുച്ചിറപ്പള്ളിയിൽ ഗാലറിയിലിരിക്കുകയായിരുന്ന സ്ത്രീയ്ക്കു കാളയുടെ കുത്തേറ്റു ഗുരുതര പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ അറിയിച്ചു. പൊങ്കൽ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മധുര അളങ്കാനല്ലൂർ ജെല്ലിക്കെട്ട് ഇന്നു നടക്കും.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 31 വരെ ചെറുതും വലുതുമായി നൂറു കണക്കിനു ജെല്ലിക്കെട്ട് മൽസരങ്ങൾ നടക്കും.

ഇരുനൂറോളം കാളകൾ; ഈറോഡ്  ജെല്ലിക്കെട്ട് നാളെ 

ഈറോഡ് ∙ ഇരുനൂറോളം കാളകൾ പങ്കെടുക്കുന്ന ഈറോഡ് ജെല്ലിക്കെട്ടിന് ഒരുക്കങ്ങൾ പൂർത്തിയായി. പെരുന്തുറ റോഡിലെ എഇടി സ്കൂൾ മൈതാനത്ത് നാളെയാണു ജെല്ലിക്കെട്ട്. കൊങ്കു മണ്ഡലത്തിൽ ഈറോഡിൽ മാത്രമാണു ജെല്ലിക്കെട്ട്. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ കതിരവൻ പറഞ്ഞു. കോയമ്പത്തൂർ, തിരുപ്പൂർ, നാമക്കൽ, സേലം ജില്ലകളിൽനിന്നു ജെല്ലിക്കെട്ട് കാണാൻ ഒട്ടേറെപ്പേർ എത്തും. കഴിഞ്ഞ വർഷമാണ് ഈറോഡിൽ ജെല്ലിക്കെട്ട് തുടങ്ങിയത്. ഗാലറികൾ സ്ഥാപിച്ചു. ശുദ്ധജലം, ശുചിമുറികൾ, മെഡിക്കൽ വിഭാഗം, ആംബുലൻസ് സർവീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com