ADVERTISEMENT

ചെന്നൈ∙ വാടിവാസൽ തുറന്നു കുതിച്ചുപാഞ്ഞു കാളക്കൂറ്റൻമാർ. ഉശിരോടെ കാളകളെ മെരുക്കി വീരൻമാർ. വിജയിച്ച കാളകൾക്കും, വീരൻമാർക്കും സമ്മാനപ്പെരുമഴയും. വന്യശക്തിയുടെയും വീറിന്റെയും മായക്കാഴ്ചയുടെ ആവേശം ഉയർത്തി അളങ്കാനല്ലൂർ ജെല്ലിക്കെട്ട് സമാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മന്ത്രിമാരായ എസ്.പി.വേലുമണി, സി.വിജയഭാസ്കർ, ആർ.ബി.ഉദയകുമാർ, ഒ.പി.രവീന്ദ്രനാഥ് കുമാർ എംപി, ജില്ലാ കലക്ടർ, ഉന്നത സർക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജെല്ലിക്കെട്ടു കാണാനെത്തി. 

16 കാളകളെ കീഴടക്കിയ രഞ്ജിത് കുമാറാണ് അളങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ ഒന്നാം സ്ഥാനം നേടിയത്. ഇയാൾക്കു മറ്റു സമ്മാനങ്ങൾക്കു പുറമെ 7 ലക്ഷം രൂപ വിലയുള്ള 4 കാളകളെയും സമ്മാനമായി നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചു. 14 കാളകളെ കീഴടക്കിയ കാർത്തിക് രണ്ടാം സ്ഥാനവും, 13 കാളകളെ കീഴ്പെടുത്തിയ ഗണേശൻ മൂന്നാം സ്ഥാനവും നേടി.

കുലമംഗലത്തു നിന്നു പങ്കെടുത്ത കറുപ്പൻ എന്ന കാളയാണ് 9 റൗണ്ടുകൾ പിന്നിട്ട് ഒന്നാം സ്ഥാനം നേടിയത്. ഒന്നാമതെത്തിയ കാളയ്ക്കും വീരനും മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവർ കാറുകൾ സമ്മാനിച്ചു.  രണ്ടാം സ്ഥാനക്കാരനും, കാള ഉടമയ്ക്കും മോട്ടോർ ബൈക്കുകളും, മൂന്നാം സ്ഥാനക്കാരനു 10,000 രൂപ ക്യാഷ് അവാർഡുകളും നൽകി. 739 കാളകളും, 695 വീരൻമാരും പങ്കെടുത്തു. 

മൂക്കുകയറിടാതെ മരണമെത്തി

∙  അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടു മത്സരത്തിനിടെ രണ്ടു മരണം. ഷോളവന്ദനം സ്വദേശി ശ്രീധർ എന്ന കാള ഉടമ മത്സരത്തിനിടെ സ്വന്തം കാളയുടെ കുത്തേറ്റു മരിച്ചു. വിരണ്ടോടിയ കാളയെ മൂക്കുകയറിൽ പിടിച്ചു ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെയാണു കുത്തേറ്റത്.  അളങ്കാനല്ലൂർ സ്വദേശി ചെല്ലപാണ്ടി എന്നയാൾ മത്സരം കണ്ടുകൊണ്ടിരിക്കെ ഗ്യാലറിയിൽ കുഴഞ്ഞു വീണു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  മത്സരത്തിൽ മുപ്പതോളം പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 10 പേർ രാജാജി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മധുര, തിരുച്ചിറപ്പള്ളി, കൃഷ്ണഗിരി, ഡിണ്ടിഗൽ എന്നിവിടങ്ങളിലായി നടന്ന ജെല്ലിക്കെട്ടു മത്സരങ്ങളിൽ കാണികളും, വീരൻമാരും ഉൾപ്പെടെ നൂറോളം പേർക്കു പരുക്കുണ്ട്. കഴിഞ്ഞ വർഷം നടന്ന ജെല്ലിക്കെട്ടു മത്സരങ്ങളിൽ 8 പേർ മരിച്ചതായും അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റതായും പത്തോളം കാളകൾ ചത്തതായും മൃഗസംരക്ഷണ സംഘടനയായ പെറ്റ ആരോപിച്ചു.  ഇതേസമയം സുരക്ഷാ മുൻകരുതലുകൾ എടുത്ത ശേഷമാണു മത്സരം സംഘടിപ്പിക്കുന്നതെന്നും, കാളകൾക്കും, വീരൻമാർക്കും മത്സരത്തിനു മുൻപും ശേഷവും വൈദ്യപരിശോധന നിർബന്ധമാക്കിയതായും തമിഴ്നാട് സർക്കാർ അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ ഉരുക്കൾ ആരോഗ്യത്തിൽ മുന്നിൽ

ആരോഗ്യ മന്ത്രി സി.വിജയഭാസ്കറിന്റെ കാളകൾ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് ഇനി ജെല്ലിക്കെട്ടു പ്രേമികൾ പറയും. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കൊമ്പൻ, വെള്ളക്കൊമ്പൻ, കറുപ്പു കൊമ്പൻ എന്നീ മൂന്നു കാളകളും വീരൻമാർക്കു പിടികൊടുക്കാതെ ചീറിപ്പാഞ്ഞു. ചിന്നക്കൊമ്പനാണ് ഏറെ നേരം വീരൻമാരെ വിറപ്പിച്ചത്. 4 മിനിറ്റിലധികം വീരൻമാരെ വട്ടം ചുറ്റിച്ച ശേഷമാണ് ചന്നക്കൊമ്പൻ കളം വിട്ടത്.

പാലമേട്, അവണിയാപുരം ജെല്ലിക്കെട്ടിലും വിജയഭാസ്കറിന്റെ കാളകൾ സമ്മാനങ്ങൾ നേടിയിരുന്നു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, മന്ത്രി ആർ.ബി.ഉദയകുമാർ, തമിഴച്ചി തങ്കപാണ്ഡ്യൻ എംപി, അമ്മാ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ എന്നിവരുടെ കാളകളും മത്സരത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com