ADVERTISEMENT

ചെന്നൈ∙ ബീച്ചുകളും, പാർക്കുകളും മാലിന്യ കൂമ്പാരങ്ങളാക്കി ചെന്നൈയിലെ കാണും പൊങ്കൽ ആഘോഷം. നഗരത്തിലെ പ്രധാന ബീച്ചുകളായ മറീന, ബസന്റ് നഗർ, ഏലിയട്ട് ബീച്ച് എന്നിവിടങ്ങളിൽ നിന്നു മാത്രം കാണുംപൊങ്കൽ പിറ്റേന്നു കോർപറേഷൻ നീക്കം ചെയ്തത് 26 ടണ്ണോളം മാലിന്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ടൺ കൂടുതൽ. 2019ലെ പൊങ്കലിൽ ഇരു ബീച്ചുകളിൽ നിന്നുമായി 20.5 ടൺ മാലിന്യമാണു നീക്കം ചെയ്തത്. മറീനയിൽ നിന്നു മാത്രം 15.8 ടൺ മാലിന്യമാണു നീക്കം ചെയ്തത്.

ഏലിയട്ട് ബീച്ചിൽ നിന്നു 10 ടൺ മാലിന്യം നീക്കം ചെയ്തതായി കോർപറേഷൻ അറിയിച്ചു. നഗരത്തിലെ പാർക്കുകളിലെ  കണക്കുകൂടി എടുത്താൽ മാലിന്യത്തിന്റെ അളവ് 30 ടൺ കടക്കുമെന്നാണു കോർപറേഷന്റെ കണക്കുകൂട്ടൽ.  2018ൽ മറീന, ഏലിയട്ട്, ന്യൂ ബീച്ച്, കൊട്ടിവാക്കം, പാലവാക്കം, നീലാങ്കരൈ എന്നിവിടങ്ങളിലെ ബീച്ചുകളിൽ നിന്ന് 44 ടൺ മാലിന്യം നീക്കം ചെയ്തിരുന്നു.  മാലിന്യത്തിന്റെ അളവിൽ കാര്യമായ കുറവില്ലെങ്കിലും പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറഞ്ഞതായി കോർപറേഷൻ അധികൃതർ പറഞ്ഞു.

മറീനയിൽ നിന്നു സാധാരണ ദിവസങ്ങളിൽ അഞ്ചു മുതൽ എട്ടുടൺ വരെ മാലിന്യം നീക്കം ചെയ്യുന്നുണ്ടെന്നും കോർപറേഷൻ അറിയിച്ചു. 120 അധിക ശുചീകരണ തൊഴിലാളികളെയും 6 ബീച്ച് ക്ലീനിങ് മെഷീനുകളും ഏർപ്പെടുത്തിയാണു ബീച്ചുകൾ ശുചീകരിച്ചത്. അടുത്ത വർഷം മുതൽ കാണും പൊങ്കലിനു മുൻപു ശുചിത്വ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനാണു കോർപറേഷന്റെ തീരുമാനം. കാണുംപൊങ്കൽ ദിനമായ കഴിഞ്ഞ 17ന് ലക്ഷം പേർ മറീന സന്ദർശിച്ചതായാണു പൊലീസിന്റെ കണക്ക്. അൻപതിനായിരത്തോളം പേർ ഏലിയട്ട് ബീച്ചും സന്ദർശിച്ചു.  

കാണും പൊങ്കൽ:  3.46 കോടി നേടി എംടിസി

∙ കാണും പൊങ്കൽ ദിനത്തിൽ ചെന്നൈ  നഗരത്തിൽ നിന്നു മാത്രം 3.46 കോടി രൂപയുടെ വരുമാനം നേടി എംടിസി. നഗരത്തിലെയും സമീപ ജില്ലകളിലെയും വിനോദ സഞ്ചാര മേഖലകളിലേക്ക് ആയിരത്തിലധികം സ്പെഷൽ സർവീസുകൾ നടത്തിയതായി എംടിസി എംഡി ജി.ഗണേശൻ പറഞ്ഞു. മഹാബലിപുരം സന്ദർശിച്ചവർക്കായി 30 സ്മോൾ ബസുകളും സർവീസ് നടത്തി. മുഖ്യമന്ത്രി ഈയിടെ ഫ്ലാഗ് ഓഫ് ചെയ്ത പുതിയ എംടി സി ബസുകളും പൊങ്കലിനു സർവീസ് ആരംഭിച്ചിരുന്നു.

മെട്രോയിൽ  മാത്രം 5 ലക്ഷം പേർ

∙ പൊങ്കൽ അവധി ദിവസങ്ങളിൽ മെട്രോയിൽ 5 ലക്ഷം പേർ യാത്ര ചെയ്തതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). കാണുംപൊങ്കൽ ദിനമായ ജനുവരി 17നു മാത്രം 1,25,333 യാത്രക്കാർ  മെട്രോ ഉപയോഗിച്ചു. കാണുംപൊങ്കൽ പ്രമാണിച്ചു ഗവൺമെന്റ് എസ്റ്റേറ്റ്, എജി–ഡിഎംഎസ് സ്റ്റേഷനുകളിൽ നിന്നു മറീന ബീച്ചിലേക്കു സിഎംആർഎൽ ഫീഡർ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. 

ജനുവരി 15മുതൽ 17 വരെ നിരക്കിൽ 50 ശതമാനം ഇളവും നൽകി. കഴിഞ്ഞ ദീപാവലി മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിച്ചിരുന്നു. 1.16 ലക്ഷമാണു മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം. ഈ വർഷം അവസാനത്തോടെ ഇത് 2 ലക്ഷമായി ഉയരുമെന്നാണു സിഎംആർഎൽ പ്രതീക്ഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com