ADVERTISEMENT

ചെന്നൈ ∙ സ്വകാര്യ കമ്പനികളുടെ പാൽ വില വർധന അനുബന്ധ ഉൽപന്നങ്ങളുടെയും വില ഉയർത്തിയേക്കുമെന്നു സൂചന. പാലിനു ലീറ്ററിനു 2 മുതൽ 4 രൂപവരെയും തൈരിനു 4 രൂപയുമാണു സ്വകാര്യ കമ്പനികൾ ഉയർത്തിയത്. തമിഴ്നാട്ടിലെ പാൽ വിപണിയുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതു സ്വകാര്യ കമ്പനികളാണ്.നഗര മേഖലകളിൽ ഉൾപ്പെടെ നല്ലൊരു ശതമാനം ആളുകളും പാലിന് ആശ്രയിക്കുന്നതു സ്വകാര്യ ബ്രാൻഡുകളെയാണ്.

സ്വകാര്യ കമ്പനികൾ പാൽ ഉൽപന്നങ്ങൾക്കും വില ഉയർത്തിയേക്കുമെന്നാണു സൂചന. പാൽ വില വർധന പാൽപൊടി, നെയ്യ്, വെണ്ണ, ഐസ് ക്രീം, പാൽ പ്രധാന ചേരുവയായ ബേക്കറി ഉൽപന്നങ്ങൾ എന്നിവയുടെ വിലയും ഉയർത്തുമെന്നാണു സൂചന. നഗരത്തിലെ പല ജ്യൂസ് കടകളും മിൽക് ഷേക്ക് ഉൾപ്പെടെയുള്ളവയ്ക്കു വില ചെറിയ തോതിൽ ഉയർത്തി.

വില ഉയർത്താതെ രക്ഷയില്ലെന്നു കടക്കാർ കടുപ്പമാകും ചായ വില

പാൽ വില ഉയർന്നതിനാൽ ചായ വില കൂട്ടാതെ മാർഗമില്ലെന്നാണു നഗരത്തിലെ ചായക്കട ഉടമകൾ പറയുന്നത്. എന്നാൽ ചായക്കട ഉടമസ്ഥ സംഘത്തിന്റെ ഔദ്യോഗിക തീരുമാനം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. നഗരത്തിലെ 90 ശതമാനം ചായക്കടകളിലും സ്വകാര്യ കമ്പനികളുടെ പാലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 15 രൂപയോളമാണു പാൽ വില ഉയർന്നത്. ചായയ്ക്കു വില ഉയർത്തിയാൽ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയും ചായക്കട ഉടമകൾ പങ്കുവച്ചു.

സ്പെഷൽ ടീ, പാലും വെള്ളം തുടങ്ങിയവയ്ക്ക് ഇപ്പോൾ നഗരത്തിൽ 12 മുതൽ 15 രൂപവരെയാണു വില.കോഫിക്കു 12 രൂപയും, ഫിൽറ്റർ കോഫിക്കു 15 രൂപയുമാണു നിരക്ക്. സാധാരണ ചായ 10 രൂപയ്ക്കാണു മിക്കവാറും കടകളിൽ ലഭിക്കുന്നത്. എന്നാൽ ഐടി മേഖലകൾ, സമ്പന്നരുടെ ഹൗസിങ് കോളനികൾ എന്നിവിടങ്ങളിൽ 12 രൂപയ്ക്കാണു സാധാരണ ചായ വിൽക്കുന്നത്.തിരക്കുള്ള വലിയ ചായക്കടകളെ വിലവർധന കാര്യമായി ബാധിക്കില്ലെങ്കിലും ചെറു ചായക്കടകളെ വില വർധന ബാധിക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

 

∙ചെറിയകടക്കാരെ കാര്യമായി  ബാധിക്കും

ഓരോ മേഖലയിലും പല വിലയ്ക്കാണു ചായ വിൽക്കുന്നത്. സാധാരണക്കാർ കൂടുതലുള്ള മേഖലകളിൽ പത്തു രൂപയ്ക്കാണ് ഇപ്പോഴും ചായ നൽകുന്നത്. കഴിഞ്ഞ വർഷം പാലിനു 10 രൂപയോളം ഉയർന്നിട്ടും സാധാരണ കച്ചവടക്കാർ വില ഉയർത്തിയിട്ടില്ല. ചെറിയ കടക്കാരെ വിലവർധന ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 12 രൂപ വിലയിട്ടാൽ അതു ചില്ലറ നൽകുന്നതിനും പ്രയാസ്സമുണ്ടാക്കും

ഡൗട്ടൻ മോഹൻ (ചായക്കട ഉടമ).

∙5,000 രൂപ വരെ അധിക ചെലവ്

പാൽ വില വർധന ചായക്കടക്കാർക്കു മാസം 2,000 മുതൽ 5,000 രൂപ വരെ അധിക ചെലവു വരുത്തും. എല്ലാ കടകളും ഒരുപോലെ നിരക്ക് ഉയർത്തുക എന്നതാണു ശരിയായ നടപടി. മറിച്ചാണെങ്കിൽ അത് ഉപഭോക്താക്കളെ നഷ്ടപ്പെടുത്തും. കൊഴുപ്പു കൂടുതലുള്ളതിനാൽ സ്വകാര്യ കമ്പനികളുടെ പാലാണു മിക്ക കടകളിലും വാങ്ങുന്നത്

ദിനേശ് കുമാർ (ചായക്കട ഉടമ)

∙സ്ഥിരം വിലവർധന ന്യായമല്ല

കുടുംബങ്ങളിൽ പാൽ ഒഴിവാക്കുക എന്നത് അസാധ്യമാണ്. എല്ലാ കടകളിലും ഏതു സമയത്തും ലഭിക്കുമെന്നതിനാൽ സ്വകാര്യ കമ്പനികളുടെ പാലാണു വാങ്ങുന്നത്. വില ഉയർത്തുന്നതിനു പല കാരണങ്ങളുണ്ടാകാം. എന്നാൽ 3 വർഷമായി സ്ഥിരമായി വില ഉയർത്തുന്നതിൽ എന്തു ന്യായമാണുള്ളത്.

ഉഷാ രവിചന്ദ്രൻ (വീട്ടമ്മ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com