ADVERTISEMENT

ചെന്നൈ∙ഒറ്റ വാചകത്തിൽ ഒട്ടേറെ അർഥങ്ങൾ ഒളിപ്പിച്ചുവച്ച സംഭാഷണങ്ങൾക്കു പേരുകേട്ടവയാണു രജനി സിനിമകൾ. തുഗ്ലക്ക് മാസികയുടെ 50-ാം വാർഷികച്ചടങ്ങിൽ രജനീകാന്ത് നടത്തിയ വിവാദ പ്രസ്താവനയിലും ഒട്ടേറെ രാഷ്ട്രീയ സൂചനകളുണ്ടെന്നാണു  വിലയിരുത്തൽ. ഈ വർഷം രജനി സ്വന്തം പാർട്ടി പ്രഖ്യാപിക്കാനിരിക്കെ, അതിന്റെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണു താരം നൽകുന്നത്. ആത്മീയ രാഷ്ട്രീയമാണു തന്റെ വഴിയെന്നു നേരത്തെ പ്രഖ്യാപിച്ച രജനീകാന്ത് പെരിയാറുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ അതിനു കൂടുതൽ വ്യക്തത നൽകുന്നു.

തുഗ്ലക്ക് വാർഷികാഘോഷച്ചടങ്ങിൽ രജനി നടത്തിയ പ്രസ്താവന രണ്ടു രീതിയിൽ പ്രധാനമാണെന്നു നിരീക്ഷകർ വിലയിരുത്തുന്നു. പെറിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനിയിലൂടെ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ എതിർ ദിശയിലാണു തന്റെ സഞ്ചാരമെന്നതു സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. തുഗ്ലക്ക് മാസികയുടെ വേദി ഇതിനായി തിരഞ്ഞെടുത്തതിലും രാഷ്ട്രീയ സൂചനകളുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ശക്തനായ വിമർശകനായിരുന്നു തുഗ്ലക്ക് സ്ഥാപകൻ ചോ രാമസ്വാമി. പെരിയാർ മുതൽ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ അതികായരെ അതിരൂക്ഷ ഭാഷയിലാണു തുഗ്ലക്കിലൂടെ അദ്ദേഹം വിമർശിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, തുഗ്ലക്ക് മാസികയുടെ വാർഷികാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തതു വലിയ വാർത്തയായിരുന്നു. ദ്രാവിഡ പാർട്ടിയാണെങ്കിലും അണ്ണാഡിഎംകെയോട് ചോയ്ക്ക് അത്ര നീരസമില്ലായിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിത നിർണായക വേളകളിൽ രാഷ്ട്രീയ ഉപദേശത്തിന് ആശ്രയിച്ചിരുന്നതു ചോയെ ആയിരുന്നു. അതിനാൽ, ഡിഎംകെ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായാണു അദ്ദേഹം അറിയപ്പെട്ടത്. തലപ്പത്ത് ശക്തനായ നേതാവില്ലാത്തതിനാൽ നിരാശരായ  അണ്ണാഡിഎംകെ അണികളെക്കൂടി ലക്ഷ്യമിട്ട്, ശക്തമായ ഡിഎംകെ വിരുദ്ധ ആശയമായിരിക്കും രജനി പയറ്റാൻ പോകുന്നതെന്ന പ്രചാരണം നേരത്തെയുണ്ട്.

ഇതേ വേദിയിൽ ഡിഎംകെ മുഖപത്രം മുരശൊലിയെക്കുറിച്ചു രജനി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുമായി നേരിട്ടുള്ള ബന്ധത്തിനു രജനി തയ്യാറായേക്കില്ല. എന്നാൽ, ബിജെപിയോട് ചേർന്നു നിൽക്കുന്ന ആശയങ്ങൾ തന്നെയാകും രജനിയുടെ പാർട്ടിക്കും എന്നു കൂടുതൽ വ്യക്തമാകുകയാണ്. തന്നെയും തിരുവള്ളുവരെയും കാവി നിറം പൂശാൻ ശ്രമിച്ചാൽ നടക്കില്ലെന്ന പ്രസ്താവന ബിജെപിക്കെതിരെ വ്യാഖാനിക്കപ്പെട്ടതിനു പിന്നാലെ വിശദീകരണവുമായി രജനി രംഗത്തെത്തിയിരുന്നു.ദ്രാവിഡ സംഘടനകൾ തെരുവിലിറങ്ങിയിട്ടും താരത്തിനു കുലുക്കമില്ല. പാർട്ടിക്കു മുൻപേ, രാഷ്ട്രീയ ലൈൻ പ്രഖ്യാപിക്കുകയാണു രജനി. 

കഥ ഇതുവരെ

∙ വിവാദ പ്രസ്താവന തുഗ്ലക്ക് മാസികയുടെ 50-ാം വാർഷികത്തിൽ

1971-ൽ സേലത്ത് പെരിയാർ ഇ.വി. രാമസാമിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ കൂറ്റൻ റാലി നടന്നു. ഇതിൽ ശ്രീരാമന്റെയും സീതാ ദേവിയുടെയും നഗ്ന ചിത്രങ്ങൾ ചെരിപ്പു മാല ചാർത്തി പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ വാർത്ത തുഗ്ലക്ക് മാസിക മാത്രമാണു പ്രസിദ്ധീകരിച്ചത്. അന്നത്തെ ഡിഎംകെ സർക്കാർ മാസികയുടെ കോപ്പികൾ പിടിച്ചെടുത്തു. എന്നാൽ, വീണ്ടും അച്ചടിച്ചു വിതരണം ചെയ്തു. ഇരട്ടി വിലയ്ക്കും കോപ്പികൾ ചൂടപ്പം പോലെ വിറ്റു പോയി. ( തുഗ്ലക്ക് സ്ഥാപകൻ ചോ രാമസ്വാമിയുടെ ധീരതയെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു പരാമർശം)

∙ എതിർപ്പുമായി സംഘടനകൾ

രജനിയുടെ പ്രസ്താവനയ്ക്കു പിന്നാലെ, വിവിധ ദ്രാവിഡ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തി. തന്തൈപെരിയാർ ദ്രാവിഡ കഴകം, ദ്രാവിഡ കഴകം, ആദി തമിഴർ പേരവൈ, വിസികെ തുടങ്ങിയ സംഘടനകൾ രംഗത്ത്. രജനിക്കെതിരെ ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ കേസ്. മധുരയിൽ താരത്തിന്റെ കോലം കത്തിച്ചു. മാപ്പു പറഞ്ഞില്ലെങ്കിൽ പോയസ് ഗാർഡനിലെ വീടു വളയുമെന്നു സംഘടനകൾ മുന്നറിയിപ്പ് നൽകി.

 

∙ദ്രാവിഡ സംഘടനകളുടെ വിശദീകരണം

ദ്രാവിഡ സംഘടനകളുടെ വിശദീകരണം ഇങ്ങനെ : സേലത്ത് അന്ധവിശ്വാസങ്ങൾക്കെതിരെ റാലി നടത്തിയതിനെതിരെ ജനസംഘം പ്രവർത്തകരും റാലി സംഘടിപ്പിച്ചിരുന്നു. 

പെരിയാറിന്റെ നേതൃത്വത്തിലുള്ള റാലി കടന്നുപോകവേ, ജനസംഘം പ്രവർത്തകർ അദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞു. ഇതു പ്രകടനത്തിൽ പ്രദർശിപ്പിച്ചിരുന്നു ശ്രീരാമന്റെയും സീതാ ദേവിയുടെയും വലിയ ചിത്രങ്ങളിൽ വീണു. ഇതിന്റെ പേരിൽ ശ്രീരാമന്റെയും സീതാ ദേവിയുടെയും ചിത്രങ്ങളിൽ ചെരിപ്പുമാലയണിയിച്ചുവെന്ന തെറ്റായ വാർത്ത നൽകിയതിനെതിരെ ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. എതിർ കക്ഷികൾ മാപ്പു പറഞ്ഞാണ് ഒത്തുതീർപ്പാക്കിയത്. ജനസംഘം പ്രവർത്തകർ പറഞ്ഞതു  പ്രസിദ്ധീകരിക്കുക മാത്രമാണു ചെയ്തതെന്നും സംഭവം താൻ നേരിട്ടു കണ്ടിട്ടില്ലെന്നും ചോ രാമസ്വാമി കോടതിയിൽ മൊഴി നൽകിയതായി അവർ പറയുന്നു.

∙ മാപ്പു പറയാൻ തയാറല്ല

പറഞ്ഞതു സത്യമാണെന്നും അതിനാൽ മാപ്പു പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ലെന്നുമുള്ള നിലപാടിലുറച്ച് രജനീകാന്ത്. ഇതിനു തെളിവായി ഹാജരാക്കിയത് 2017-ൽ ഇംഗ്ലീഷ് വാരികയായ ഔട്ട്ലുക്ക് വാരികയിൽ വന്ന ലേഖനം. തമിഴ്നാട്ടിൽ മാധ്യമ സ്വാതന്ത്രത്തിനെതിരായ കടന്നാക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നതാണു ലേഖനം. ഈ സംഭവം മറച്ചുവയ്ക്കാനുള്ളതല്ല, മറക്കാനുള്ളതാണെന്നും താരം.  ഇതിനു പിന്നിലെ തന്തൈ പെരിയാർ ദ്രാവിഡ കഴകം പ്രവർത്തകർ രജനിയുടെ വീട്ടിലേക്കു പ്രകടനം നടത്തി. കിലോ മീറ്ററുകൾക്ക് അപ്പുറത്ത് പൊലീസ് അവരെ അറസ്റ്റു ചെയ്തു നീക്കി. 

 

ജീവിതം മുഴുവൻ തമിഴർക്കും തമിഴ്നാടിനുമായി ഉഴിഞ്ഞുവെച്ച മഹാനാണു പെരിയാർ. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുൻപ് നന്നായി ചിന്തിക്കണമെന്നു എന്റെ സുഹൃത്തായ രജനീകാന്തിനോട് സ്നേഹത്തോടെ പറയുന്നു. എം.കെ.സ്റ്റാലിൻ (ഡിഎംകെ)

രജനിയുടെ വാക്കുകളിൽ അവ്യക്തതയുണ്ട്. തുഗ്ലക്കിൽ ചിത്രം വന്നുവെന്നു പ്രസംഗിച്ച അദ്ദേഹം ഇന്നു ഉയർത്തിക്കാട്ടിയതു മറ്റൊരു പ്രസിദ്ധീകരണം. ഇത്തരം വില കുറഞ്ഞ വിവാദങ്ങളിൽ നിന്നു രജനീകാന്ത് ഒഴിഞ്ഞു നിൽക്കണം.  മന്ത്രി  ഡി.ജയകുമാർ (അണ്ണാഡിഎംകെ)


മാപ്പു പറയുന്നതും പറയാതിരിക്കുന്നതും രജനീകാന്തിന്റെ ഇഷ്ടം. എന്നാൽ, പറഞ്ഞ ഓരോ വാക്കിനും അദ്ദേഹം മറുപടി പറയേണ്ടിവരും. കോടതിയിൽ തെളിവുകളുമായി ഉടൻ ഹാജരാകേണ്ടി വരും. കെ.വീരമണി (ദ്രാവിഡ കഴകം)


സത്യം പറഞ്ഞതിനു രജനിയെ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ വേട്ടയാടുന്നു. അദ്ദേഹത്തിനു ആവശ്യമാണെങ്കിൽ കോടതിയിൽ അദ്ദേഹത്തിനായി വാദിക്കാൻ തയ്യാർ. സുബ്രഹ്മണ്യൻ സ്വാമി (ബിജെപി)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com